മോസ്കോ: എൻജിൻ തകരാറിനെത്തുടർന്ന് ബോയിങ് 777 വിമാനം വെള്ളിയാഴ്ച റഷ്യയിൽ അടിയന്തരമായിറക്കി. ഹോങ് കോങ്ങിൽനിന്ന് മഡ്രിഡിലേക്ക് പോവുകയായിരുന്ന ചരക്കുവിമാനമാണ് എൻജിൻ തകരാറ്്‌ ശ്രദ്ധയിൽപ്പെട്ടതോടെ മോസ്കോയിലിറക്കിയത്. അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ദിവസങ്ങൾക്കുമുമ്പ് യു.എസിലെ ഡെൻവെറിൽ എൻജിനുസമീപം തീപിടിച്ചതിനെത്തുടർന്ന് ബോയിങ് 777 വിമാനം അടിയന്തരമായിറക്കിയിരുന്നു. ഇതിനുപിന്നാലെ ലോകത്താകമാനമുള്ള ഭൂരിഭാഗം 777 വിമാനങ്ങളുടെയും സേവനം നിർത്തിവെച്ചതായി ബോയിങ് അറിയിച്ചിരുന്നു.

ഓസ്ട്രേലിയയിൽ ബോയിങ് 737 മാക്സ് വിമാനങ്ങളുടെ വിലക്കുനീക്കി

സിഡ്നി: രണ്ടുവർഷംനീണ്ട വിലക്കിനുശേഷം ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് ഓസ്ട്രേലിയയിൽ പറക്കാൻ അനുമതി. യു.എസും യൂറോപ്പും നേരത്തേ തന്നെ വിലക്കുനീക്കിയിരുന്നെങ്കിലും ഏഷ്യ-പസഫിക് മേഖലയിൽ വിലക്കുനീക്കുന്ന ആദ്യരാജ്യമാണ് ഓസ്ട്രേലിയ. അതേസമയം, രാജ്യത്തെ വിമാനക്കമ്പനികളൊന്നും 737 മാക്സ് വിമാനങ്ങൾ ഉപയോഗിക്കുന്നില്ല. എന്നാൽ, നേരത്തേ ഫിജി എയർവേസും സിങ്കപ്പൂർ എയർലൈൻസും ഈ വിമാനമുപയോഗിച്ച് ഓസ്ട്രേലിയയിലേക്ക് സർവീസ് നടത്തിയിരുന്നു.

Content Highlights: Boeing 777 with engine trouble makes emergency landing in Moscow