മോസ്‍കോ: റഷ്യയിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ തിങ്കളാഴ്ചയുണ്ടായ സ്ഫോടനത്തിലും അഗ്നിബാധയിലും നാലുപേർ മരിച്ചു. എഴുപതിലേറെപ്പേരെ കാണാതായി. വ്യവസായനഗരമായ മാഗ്നിറ്റോഗോർസ്കിലെ കെട്ടിടത്തിൽ തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സ്ഫോടനമുണ്ടായത്. വാതകച്ചോർച്ചയാണ് അപകടത്തിനുകാരണമെന്നാണ് പ്രാഥമിക നിഗമനം.
രണ്ടുകുട്ടികളുൾപ്പെടെ പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏഴുകുട്ടികളുൾപ്പെടെ 16 പേരെ രക്ഷപ്പെടുത്തി. അമ്പതോളംപേർ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് റഷ്യൻ ദേശീയ ടെലിവിഷൻ റിപ്പോർട്ടുചെയ്തു. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ഭൂരിഭാഗവും തകർന്നതായി അധികൃതർ പറഞ്ഞു.
1973-ൽ പണികഴിപ്പിച്ച അപ്പാർട്ട്മെന്റിൽ ആയിരത്തിലേറെപ്പേരാണുള്ളത്.
അപകടത്തെത്തുടർന്ന് കൊടുംതണുപ്പിൽ നൂറിലേറെപ്പേർ ഭവനരഹിതരായെന്നും അധികൃതർ കൂട്ടിച്ചേർത്തു. മൈനസ് 23 ഡിഗ്രിയാണ് മാഗ്നിറ്റോഗോർസ്കിലെ നിലവിലെ താപനില.
Content Highlights: blast in an apartment in russia