വാഷിങ്ടണ്‍: അമേരിക്കയിലെ ഇരട്ട ഗോപുരങ്ങള്‍ തകര്‍ക്കാന്‍ ഉസാമ ബിന്‍ലാദന് പ്രചോദനമായത് ഈജിപ്തുകാരന്‍ പൈലറ്റെന്ന് അല്‍ക്വയ്ദയുടെ വെളിപ്പെടുത്തല്‍. സംഘടനയുടെ ആഴ്ചപ്പതിപ്പായ അല്‍ മസ്രറയില്‍ 'സപ്തംബര്‍ 11' ആക്രമണം എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

1999-ല്‍ ഈജിപ്ത് വിമാനം അത്‌ലാന്റിക്കില്‍ മുക്കിയ ഗമില്‍ അല്‍ ബത്തൗത്തിയെന്ന പൈലറ്റിന്റെ പ്രവൃത്തിയാണ് ലാദന് പ്രചോദമായതത്രെ. അപകടത്തില്‍ 100 അമേരിക്കക്കാര്‍ ഉള്‍പ്പെടെ 217 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഈ അപകടത്തെക്കുറിച്ച് അറിഞ്ഞ ഉസാമ എന്തുകൊണ്ട് പൈലറ്റ് അടുത്തുള്ള കെട്ടിടത്തില്‍ വിമാനം ഇടിച്ചുകയറ്റിയില്ലെന്ന് സഹപ്രവര്‍ത്തകരോട് ചോദിച്ചു. 9/11 ആക്രമണത്തിന്റെ പ്രധാന സൂത്രധാരകന്‍ ഖാലിദ് ശൈഖ് മുഹമ്മദുമായി ലാദന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. അതിനുമുമ്പ് അമേരിക്കന്‍ വിമാനങ്ങളെ ഒന്നിച്ച് ആക്രമിക്കാനുള്ള പദ്ധതിയായിരുന്നു ഖാലിദ് ശൈഖ് ആസൂത്രണം ചെയ്തിരുന്നത്.