വാഷിങ്ടൺ: മൈക്രോസോഫ്റ്റിന്റെ ഡയറക്ടർ ബോർഡിൽനിന്ന് ബിൽ ഗേറ്റ്സ് രാജിവെച്ചത് കമ്പനിയിലെ ജീവനക്കാരിയുമായുള്ള അടുപ്പത്തെത്തുറിച്ച് അന്വേഷണം നടക്കുന്നതിനിടെയെന്ന് റിപ്പോർട്ട്. 2020 മാർച്ച് 20-നായിരുന്നു കമ്പനിയുടെ സഹസ്ഥാപകൻകൂടിയായ ഗേറ്റ്സിന്റെ രാജി.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം ചെലവഴിക്കണമെന്നു കാട്ടിയായിരുന്നു പടിയിറക്കം.

2000-ത്തിൽ ബിൽ ഗേറ്റ്‌സുമായി ലൈംഗികബന്ധമുണ്ടായിരുന്നെന്ന ജീവനക്കാരിയുടെ വെളിപ്പെടുത്തലിൽ 2019-ൽ മൈക്രോസോഫ്റ്റ് ഡയറക്ടർമാർ അന്വേഷണം ആരംഭിച്ചിരുന്നെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് ഗേറ്റ്‌സ് സ്ഥാനത്തു തുടരുന്നത് ഉചിതമല്ലെന്ന് ചില ബോർഡംഗങ്ങൾ വിലയിരുത്തി. ഇതോടെ അന്വേഷണം പൂർത്തിയാകുന്നതിനു മുമ്പേ അദ്ദേഹം സ്ഥാനമൊഴിഞ്ഞു. അന്വേഷണത്തിനിടെ ജീവനക്കാരിക്ക് എല്ലാവിധ പിന്തുണയും നൽകിയതായി മൈക്രോസോഫ്റ്റ് വക്താവ് അറിയിച്ചു.

അതേസമയം, ആരോപണങ്ങൾ ഗേറ്റ്‌സിന്റെ വക്താവ് നിഷേധിച്ചു. 20 കൊല്ലം മുമ്പുണ്ടായിരുന്ന സ്നേഹബന്ധം സൗഹാർദത്തോടെ അവസാനിച്ചതാണ്. ബോർഡിൽനിന്നും രാജിവെക്കാനുള്ള തീരുമാനത്തിന് ഇതുമായി ബന്ധമില്ല. ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വക്താവ് പറഞ്ഞു. 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ബിൽ ഗേറ്റ്‌സും ഭാര്യ മെലിൻഡയും അടുത്തിടെ വേർപിരിഞ്ഞിരുന്നു.

Content Highlights: Bill Gates Microsoft