സാൻഫ്രാൻസിസ്കോ: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സ് കമ്പനിയുടെ ഡയറക്ടർ ബോർഡ് വിട്ടു. ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി കൂടുതൽസമയം കണ്ടെത്താനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

പത്തുവർഷത്തിലേറെയായി സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ 64-കാരനായ ബിൽഗേറ്റ്സ് ഇടപെടാറില്ല. ഭാര്യ മെലിൻഡയ്ക്കൊപ്പം ആരംഭിച്ച ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് അദ്ദേഹം. രോഗങ്ങൾക്കും മാനുഷികവെല്ലുവിളികൾക്കുമെതിരായ പ്രവർത്തനങ്ങൾക്കാണ്‌ ഫൗണ്ടേഷൻ മുൻതൂക്കം നൽകുന്നത്.

2014വരെ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡ് ചെയർമാനായിരുന്നു ബിൽഗേറ്റ്സ്. വർഷങ്ങളോളം ബിൽഗേറ്റ്സിനോടൊപ്പം പ്രവർത്തിക്കാനും അദ്ദേഹത്തിൽനിന്ന്‌ പഠിക്കാനും കഴിഞ്ഞത് അഭിമാനമായികരുതുന്നതായി മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ലാ പറഞ്ഞു.

1975-ലാണ് പോൾ അലനും ബിൽ ഗേറ്റ്സും മൈക്രോസോഫ്റ്റ് കമ്പനി സ്ഥാപിക്കുന്നത്. ജീവകാരുണ്യപ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ 2000-ൽ ബിൽഗേറ്റ്സ് മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ. സ്ഥാനത്തുനിന്ന് രാജിവെച്ചിരുന്നു. തുടർന്ന് സ്റ്റീവ് ബാൽമർ കമ്പനിയുടെ സി.ഇ.ഒ. ആയി.

Content Highlights: bill gates leaves microsoft's board of directors.