വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും മെലിൻഡ ഫ്രഞ്ച് ഗേറ്റ്സും 27 കൊല്ലം നീണ്ട ദാന്പത്യജീവിതം ഔദ്യോഗികമായി അവസാനിപ്പിച്ചു. തിങ്കളാഴ്ച കിങ് കൗണ്ടിയിലെ കോടതിയാണ് ഇരുവരുടെയും വിവാഹമോചനം ഔദ്യോഗികമായി അംഗീകരിച്ചത്.

സ്വത്ത് പങ്കുവെക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 13,160 കോടി യു.എസ്. ഡോളറാണ് ബിൽഗേറ്റ്‌സിന്റെ ആസ്തി. സ്വത്ത് എങ്ങനെയാകും പങ്കുവെക്കുന്നത്‌ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. മേയിലാണ് വിവാഹബന്ധം അവസാനിപ്പിക്കുന്നകാര്യം ഇരുവരും പ്രഖ്യാപിച്ചത്.

എന്നാൽ, ലോകത്തെ മികച്ച ജീവകാരുണ്യസംഘടനകളിൽ ഒന്നായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ പ്രവർത്തനം തുടരുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഒരുമിച്ചുള്ള പ്രവർത്തനം ഫലപ്രദമാണോയെന്നറിയാൻ ഇരുവരും രണ്ടുവർഷത്തെ പരീക്ഷണകാലയളവ് നിശ്ചയിച്ചിട്ടുണ്ടെന്ന് ഫൗണ്ടേഷൻ അറിയിച്ചു.