പാരീസ്: ഇതുവരെ കണ്ടെത്തിയ ട്രൈസെറാടോപ്സ് ദിനോസറുകളിൽ ഏറ്റവുംഭീമനായ ‘ബിഗ് ജോണി’ന്റെ ഫോസിൽ പാരീസിൽനടന്ന ലേലത്തിൽ 57 കോടി രൂപയ്ക്ക് (66 ലക്ഷം യൂറോ) വിറ്റുപോയി. ഡ്രായറ്റ് ലേലകമ്പനിയാണ് ലേലം സംഘടിപ്പിച്ചത്. ഇവയ്ക്ക് പരമാവധി 13 കോടി രൂപ ലഭിക്കുമെന്നാണ് ലേലകമ്പനി കണക്കുകൂട്ടിയിരുന്നത്. എന്നാൽ, അഞ്ചിരട്ടി തുക ലഭിക്കുകയായിരുന്നു.

2014-ലാണ് ബിഗ് ജോൺ ദിനോസറുകളുടെ ഫോസിലിന്റെ ഭാഗങ്ങൾ ആദ്യമായി കണ്ടെത്തുന്നത്. 2015-ഓടെ ഫോസിലിന്റെ 60 ശതമാനവും പുരാവസ്തുഗവേഷകർ കണ്ടെത്തി. ഇങ്ങനെ കണ്ടെത്തിയ ഇരുനൂറിലേറെ ഭാഗങ്ങൾ ഇറ്റലിയിൽവെച്ച് കൂട്ടിച്ചേർത്താണ് പാരീസിൽ ലേലത്തിനുവെച്ചത്.

2.62 മീറ്ററോളം നീളവും രണ്ടുമീറ്റർ വീതിയുമുള്ള തലയോട്ടി, ഒരു മീറ്ററിലേറെ നീളമുള്ള രണ്ടുകൊമ്പുകൾ എന്നിവയാണ് പേരുപോലെ ഭീമനായ ബിഗ് ജോണിനുള്ളത്. ഇതുവരെ കണ്ടെത്തിയ മറ്റേതു ട്രൈസെറാടോപ്സ് ദിനോസറുകളെക്കാളും 10 ശതമാനത്തോളം വലുതാണിത്.

6.6 കോടി വർഷങ്ങൾക്കുമുമ്പ് ഇന്നത്തെ യു.എസിലെ അലാസ്കമുതൽ മെക്സിക്കോവരെ നീണ്ടുകിടക്കുന്ന ലാറാമിഡിയ എന്ന ദ്വീപിലാണ് ബിഗ് ജോൺ ജീവിച്ചിരുന്നത്. സൗത്ത് ഡക്കോട്ടയിലുണ്ടായ ഒരു വെള്ളപ്പൊക്കത്തിൽ ഇവ ഭൂമിയിൽനിന്ന്‌ തുടച്ചുമാറ്റപ്പെടുകയായിരുന്നു.