clockലണ്ടന്‍: തിങ്കളാഴ്ച ഉച്ചയ്ക്ക് 12-ന് 'ബിഗ് ബെന്‍' അവസാന മണിമുഴക്കി. ഇനി ഈ മഹാമണിയുടെ നാദം കേള്‍ക്കണമെങ്കില്‍ നാലുകൊല്ലം കാക്കണം. ഇതിനിടെ എന്നെങ്കിലും മണിമുഴങ്ങണമെങ്കില്‍ പൊതുസഭ കനിയണം. ലണ്ടന്‍ ജനതയുടെ ജീവിതത്തിന്റെ ഭാഗമായ ഈ മണി, ഒന്നരനൂറ്റാണ്ടിലേറെ നീളുന്ന ചരിത്രത്തില്‍ ഇത്ര നീണ്ടകാലം നിശ്ശബ്ദമാകുന്നത് ആദ്യമാണ്.

157 വര്‍ഷം പഴക്കമുണ്ട് മണിക്കും അത് സ്ഥിതിചെയ്യുന്ന എലിസബത്ത് ഗോപുരത്തിനും. രണ്ടിന്റെയും അറ്റകുറ്റപ്പണികള്‍ക്കായാണ് മണിയെ മൗനമാക്കിയത്. 13.7 ടണ്‍ ഭാരമുള്ള മണിയില്‍നിന്ന് ഓരോ മണിക്കൂറിലും മുഴങ്ങുന്ന 118 ഡെസിബലുള്ള മണിനാദം ഇവിടെ പണിയെടുക്കുന്നവരുടെ കേള്‍വിയെ തകരാറിലാക്കുമെന്നതാണ് കാരണം. അറ്റകുറ്റപ്പണിയുടെ ചെലവ് 2.9 കോടി (ഏകദേശം 239 കോടി രൂപ) പൗണ്ടാണ്.

സാമ്പത്തികമായും രാഷ്ട്രീയമായും ബ്രിട്ടന് നിര്‍ണായകമായ കാലത്ത് 'ബിഗ് ബെന്നി'നെ നിശ്ശബ്ദമാക്കുന്നതില്‍ ഒരുവിഭാഗത്തിന് എതിര്‍പ്പുണ്ട്. ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളും പ്രധാനമന്ത്രി തെരേസ മേയും ഇഷ്ടക്കേട് പ്രകടിപ്പിച്ചിട്ടുണ്ട്. മണിമുഴക്കത്തിന്റെ കാര്യം തീരുമാനിക്കേണ്ടത് പൊതുസഭാ കമ്മിഷനാണ്. മണിയെ ഏറെക്കാലം നിശ്ശബ്ദമാക്കരുതെന്ന അഭ്യര്‍ഥന പരിഗണിക്കാന്‍ അടുത്തമാസം കമ്മിഷന്‍ യോഗം ചേരും. വീരമൃത്യുവരിച്ച ബ്രിട്ടീഷ് യോദ്ധാക്കളുടെ അനുസ്മരണദിനത്തിലും പുതുവര്‍ഷത്തലേന്നും മണിയടിക്കാന്‍ അനുവദിക്കുന്നകാര്യം കമ്മിഷന്‍ പരിഗണിക്കുന്നുണ്ട്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന 2019 മാര്‍ച്ച് 29-ന്റെ തലേന്നുമുതല്‍ ബിഗ് ബെന്‍ മുഴങ്ങണമെന്നാണ് മേയുടെയും എം.പി.മാരുടെയും അഭ്യര്‍ഥന.