വാഷിങ്ടൺ: പ്രസിഡന്റായി അധികാരമേൽക്കുന്നതിനു പിന്നാലെ പാരീസ് ഉടമ്പടിയിൽ വീണ്ടും ചേരുന്നത് ഉൾപ്പെടെ ട്രംപിന്റെ നയങ്ങൾ തിരുത്തുന്ന 15 എക്സിക്യുട്ടീവ് ഉത്തരവുകളിലാണ് ബൈഡൻ ഒപ്പുവെക്കുന്നത്.
രണ്ടുമേഖലകളിൽ നടപടിയെടുക്കാൻ ഏജൻസികളോട് ആവശ്യപ്പെടുന്നതടക്കം ചരിത്രപരമായ നടപടികളിലേക്കാണ് ബൈഡൻ ആദ്യദിനത്തിൽ കടന്നതെന്ന് നിയുക്ത വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. കുടിയേറ്റവുമായി ബന്ധപ്പെട്ട സമഗ്രമായ ബിൽ അതിൽ ഏറെ പ്രാധാന്യമുള്ളതാണ്.
അനധികൃത കുടിയേറ്റക്കാർക്ക് എട്ടുവർഷത്തിനുള്ളിൽ പൗരത്വം ലഭിക്കാൻ സാവകാശം നൽകുന്നതാണ് ബിൽ. തൊഴിലുമായി ബന്ധപ്പെട്ട ഗ്രീൻ കാർഡുകളിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുന്ന വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടും. പതിനായിരക്കണക്കിന് ഇന്ത്യൻ ഐ.ടി. ജീവനക്കാർക്ക് ബിൽ സഹായകമാകും.
ട്രംപ് ഭരണകൂടത്തിന്റെ തെറ്റായ തീരുമാനങ്ങൾ തിരുത്തുന്നതിനൊപ്പം രാജ്യത്തെ മുന്നോട്ടുനയിക്കുന്നതിനാവശ്യമായ നടപടികളും ട്രംപ് സ്വീകരിക്കുമെന്ന് ബൈഡൻ സംഘം വ്യക്തമാക്കി.
പ്രധാനപ്പെട്ട ഉത്തരവുകൾ
* ലോകാരോഗ്യസംഘടനയിൽ വീണ്ടും ചേരും
* സർക്കാർ സ്ഥാപനങ്ങളിലടക്കം 100 ദിവസത്തേക്ക് മുഖാവരണം നിർബദ്ധമാക്കും
*മാർച്ച് 31 വരെ കുടിയൊഴിപ്പിക്കലിനും വസ്തു ഏറ്റെടുക്കുന്നതിനും മൊറട്ടോറിയം പ്രഖ്യാപിക്കും
*വിദ്യാർഥിവായ്പകളുടെ ഭാരം ലഘൂകരിക്കും
*പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ വീണ്ടും ചേരും
* മെക്സിക്കോ അതിർത്തിയിലെ മതിൽക്കെട്ടിന് ഫണ്ട് നൽകുന്നത് അവസാനിപ്പിക്കും
*ഇസ്‌ലാമിക രാജ്യങ്ങളിൽനിന്നുള്ളവർക്കുള്ള സഞ്ചാരവിലക്കുകൾ അവസാനിപ്പിക്കും
* കുട്ടികളായിരിക്കെ അനധികൃതമായി യു.എസിലെത്തിയവരെ സംരക്ഷിക്കാനുള്ള ഡാക പദ്ധതി ശക്തിപ്പെടുത്തും.