ബെര്‍ലിന്‍: ബോറടി മാറ്റാന്‍ നിങ്ങള്‍ ആരെയെങ്കിലും കൊല്ലുമോ? ചോദ്യംകേട്ട് ഞെട്ടേണ്ടതില്ല. ഇതേ ചോദ്യം ജര്‍മന്‍കാരനായ നഴ്‌സ് നീല്‍സ് ഹോഗെലിനോട് ചോദിച്ചാല്‍ 'കൊല്ലും' എന്നാവും ഉത്തരം. ആറുവര്‍ഷത്തിനിടെ ഇയാള്‍ താന്‍ ജോലിചെയ്ത ആസ്​പത്രികളിലെ 106 രോഗികളെയാണ് നിര്‍ദയം കൊന്നത്. ജോലിചെയ്ത് ബോറടിച്ചപ്പോഴാണ് ഈ കൃത്യങ്ങള്‍ നടത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

രണ്ട് ആസ്​പത്രികളിലാണ് 41-കാരനായ ഹോഗെല്‍ ജോലി ചെയ്തിട്ടുള്ളത്. ഈ ആസ്​പത്രികളിലെ തീവ്രപരിചരണവിഭാഗം, വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ രോഗികളെ രഹസ്യമായി മാരകമായ മയക്കുമരുന്ന് കുത്തിവെച്ചാണ് കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഗുരുതരമായ അസുഖങ്ങളുള്ള രോഗികളെയാണ് ഇതിനായി തിരഞ്ഞെടുത്തിരുന്നത്. മയക്കുമരുന്ന് കുത്തിവെക്കുന്നതോടുകൂടി ഇവര്‍ക്ക് ഹൃദയാഘാതമുണ്ടാകുകയോ രക്തയോട്ടം നിലയ്ക്കുകയോ ചെയ്യും. തുടര്‍ന്ന് ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങളാവും ഇയാള്‍ നടത്തുക. ഇതില്‍ വിജയിച്ചെന്ന് തോന്നിക്കഴിഞ്ഞാല്‍ സഹപ്രവര്‍ത്തകരുടെ മുന്‍പില്‍ ഒരു രക്ഷകനെപ്പോലെ ഇയാള്‍ നടക്കും.

2005 ജൂണിലാണ് ഇയാളുടെ വിചിത്രമായ ചെയ്തികള്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. മയക്കുമരുന്ന് രോഗിയില്‍ കുത്തിവെക്കാന്‍ ശ്രമിക്കുന്നത് വനിതാ നഴ്‌സ് കാണുകയും തുടര്‍ന്ന് ഹോഗെല്‍ അറസ്റ്റിലാവുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് സംസ്‌കരിച്ച മൃതദേഹങ്ങളില്‍ നടത്തിയ പരിശോധനകളില്‍നിന്ന് മയക്കുമരുന്ന് കുത്തിവെച്ചതായി കണ്ടെത്തി. അഞ്ച് മൃതദേഹങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍നിന്ന് കൊലപാതകമെന്ന സാധ്യതയിലേക്ക് അന്വേഷണം നീളുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ വെളിച്ചത്തുവന്നു. 1999-2005 കാലയളവിലാണ് ഇയാള്‍ ഈ രണ്ട് ആസ്​പത്രികളിലുമായി ജോലിചെയ്തത്. 2015-ല്‍ ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ എത്രപേരെ കൊലപ്പെടുത്തിയെന്നതിനെക്കുറിച്ച് അന്ന് വ്യക്തതയില്ലായിരുന്നു. മരണസംഖ്യ ഇതിലും കൂടുതലാകുമെന്നാണ് പോലീസ് പറയുന്നത്.