ബെയ്ജിങ്: ടിബറ്റന്‍ ആത്മീയനേതാവ് ദലൈ ലാമയെ ഏതെങ്കിലും രാജ്യങ്ങള്‍ സ്വീകരിക്കുന്നതും നേതാക്കള്‍ അദ്ദേഹത്തെ കാണുന്നതും മഹാപരാധമായി കണക്കാക്കുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. തങ്ങളുമായി നയതന്ത്രബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ ടിബറ്റിനെ ചൈനയുടെ ഭാഗമായി അംഗീകരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

ടിബറ്റിനെ ചൈനയില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്ന വിഘടനവാദിയായാണ് ചൈന ദലൈ ലാമയെ കാണുന്നത്. ദലൈ ലാമയുമായി ഏതെങ്കിലും രാജ്യമോ സംഘടനയോ കൂടിക്കാഴ്ച നടത്തുന്നത് ചൈനയിലെ ജനങ്ങളുടെ വികാരത്തെ മാനിക്കാത്ത നടപടിയായി കണക്കാക്കുമെന്ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സി.പി.സി.) യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് എക്‌സിക്യുട്ടീവ് വൈസ് മിനിസ്റ്റര്‍ ചാങ് യിജിയോങ് പറഞ്ഞു. ആത്മീയനേതാവിന്റെ കുപ്പായമണിഞ്ഞ രാഷ്ട്രീയക്കാരനാണ് ലാമയെന്ന് അദ്ദേഹം പറഞ്ഞു.

1959-ല്‍ ചൈനീസ് ഭരണത്തെ എതിര്‍ത്തുനടത്തിയ പ്രക്ഷോഭത്തെത്തുടര്‍ന്ന് ദലൈ ലാമ ഇന്ത്യയിലേക്ക് കടന്നു. അന്നുമുതല്‍ ഇന്ത്യയില്‍ പ്രവാസിയായി കഴിയുകയാണ് ഇദ്ദേഹം.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ ലാമയെ അനുവദിച്ച ഇന്ത്യയുടെ നടപടിയെ ചാങ് പരോക്ഷമായി വിമര്‍ശിച്ചു.

ലാമ ഇന്ത്യയില്‍ സ്വന്തം സര്‍ക്കാര്‍ രൂപവത്കരിച്ചെന്നും ടിബറ്റിനെ ചൈനയില്‍നിന്ന് സ്വതന്ത്രമാക്കുകയെന്ന വിഘടന അജന്‍ഡയാണ് ആ സര്‍ക്കാരിനുള്ളതെന്നും ചാങ് പറഞ്ഞു. നാലുപതിറ്റാണ്ട് കഴിഞ്ഞിട്ടും ആ ലക്ഷ്യത്തില്‍നിന്ന് ദലൈ ലാമ നേതാവായ സംഘം പിന്തിരിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.