ബയ്റുത്ത്: ബയ്‌റുത്തിൽ ചൊവ്വാഴ്ച 100 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തിന്റെ യഥാർഥകാരണം വ്യക്തമായിട്ടില്ലെന്ന് ലെബനീസ് പ്രധാനമന്ത്രി ഹസ്സൻ ദയെബ്. തുറമുഖത്തിനടുത്തുള്ള വെയർഹൗസിൽ സൂക്ഷിച്ച 2750 മെട്രിക് ടൺ അമോണിയം നൈട്രേറ്റാണ് ഇരട്ടസ്ഫോടനത്തിലേക്ക് നയിച്ചതെന്ന വിവരം കേന്ദ്രീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ബയ്‌റുത്തിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചതായി പ്രസിഡൻറ് മൈക്കൽ അവുൻ പറഞ്ഞു. സ്ഫോടനത്തിന്റെ കെടുതികൾ നേരിടാൻ 10,000 കോടി ലെബനീസ് പൗണ്ട് (6.6 കോടി ഡോളർ) അനുവദിച്ചതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
“ലെബനൻ മഹാവിപത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതിൽനിന്ന് കരകയറാൻ ലോകരാഷ്ട്രങ്ങളുടെ സഹായം ആവശ്യമാണ്” -ദയെബ് പറഞ്ഞു. സംഭവത്തിനുപിന്നിൽ പ്രവർത്തിച്ചവർ വലിയ വിലനൽകേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു. വളത്തിലും ബോംബിലും ഉപയോഗിക്കുന്ന രാസവസ്തുക്കൾ ആറുവർഷമായി വെയർഹൗസിൽ സൂക്ഷിച്ചുവരുകയായിരുന്നെന്ന് അധികൃതർ പറഞ്ഞു.
സ്ഫോടനത്തിൽ ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. 4000 പേർക്ക് പരിക്കേൽക്കുകയുംചെയ്തു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. തുറമുഖവും നഗരത്തിലെ 90 ശതമാനം ഹോട്ടലുകളും കെട്ടിടങ്ങളും തകർന്നതായി ലെബനീസ് വാർത്താ ഏജൻസി എൻ.എൻ.എ. റിപ്പോർട്ടുചെയ്തു.
ഭരണത്തിലെ അഴിമതിക്കും സാമ്പത്തികപ്രതിസന്ധിക്കും നേരെ ഒരുവർഷമായി ലെബനൻ പ്രക്ഷോഭപാതയിലാണ്. കോവിഡ്-19 വ്യാപനത്തെത്തുടർന്ന് ആരോഗ്യരംഗം വലിയപ്രതിസന്ധിയും നേരിടുന്നതിനിടയിലാണ് സ്ഫോടനം.
സഹായവുമായി ലോകരാഷ്ട്രങ്ങൾ
സ്ഫോടനത്തിൽ തകർന്ന ബയ്റുത്ത് സന്ദർശിക്കാൻ ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മക്രോൺ ലബനനിലെത്തും. 55 വിദഗ്ധരും രണ്ടു യുദ്ധവിമാനങ്ങളും 15 ടൺ ഉപകരണങ്ങളും അടങ്ങുന്ന രക്ഷാദൗത്യസംഘം ബയ്റുത്തിലേക്ക് പുറപ്പെട്ടതായും ഫ്രാൻസ് അറിയിച്ചു. ഫ്രഞ്ച് കോളനിയായിരുന്ന ലെബനനുമായി രാഷ്ട്രീയ, സാമ്പത്തിക മേഖലകളിൽ ഫ്രാൻസിന് അടുത്തബന്ധമാണുള്ളത്.
ലെബനന് ആവശ്യമായ എല്ലാസഹായങ്ങളും വാഗ്ദാനംചെയ്യുന്നതായി യൂറോപ്യൻ യൂണിയൻ അറിയിച്ചു. യൂണിയന്റെ സിവിൽ പ്രൊട്ടക്‌ഷൻ മെക്കാനിസം (സി.പി.എം.) വഴി അംഗരാജ്യങ്ങളിലൂടെ സഹായം എത്തിക്കുന്ന സംവിധാനം ആരംഭിച്ചു. നഗരകേന്ദ്രീകൃതപ്രവർത്തനങ്ങൾക്ക് ഉന്നതപരിശീലനം നേടിയ 100 അഗ്നിശമനസേനക്കാരെ വിനിയോഗിച്ചിട്ടുണ്ട്. നെതർലൻഡ്‌സ്, ഗ്രീസ്, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങൾ പദ്ധതിയിൽ പങ്കാളികളാകും. പോളണ്ട്, ജർമനി തുടങ്ങി രാജ്യങ്ങളും സഹായം വാഗ്ദാനംചെയ്തു.
ഒരുസംഘം ഡോക്ടർമാരും മെഡിക്കൽ ഉപകരണങ്ങളുമടങ്ങുന്ന അഞ്ചുവിമാനങ്ങൾ റഷ്യയിൽനിന്ന് ലെബനനിലേക്ക് പുറപ്പെട്ടതായി റഷ്യൻസർക്കാർ അറിയിച്ചു. രക്ഷാദൗത്യസംഘത്തെയും കോവിഡ് പരിശോധനയ്ക്കുള്ള സഞ്ചരിക്കുന്ന ലാബുകളും എത്തിക്കുമെന്നും റഷ്യ അറിയിച്ചു. തുർക്കി, ഖത്തർ തുടങ്ങി രാജ്യങ്ങളും ലെബനനിലേക്ക് മെഡിക്കൽസംഘങ്ങളെ അയച്ചു.
അമോണിയം നൈട്രേറ്റ്
സ്ഫടികംപോലെ ഖരരൂപത്തിൽ കാണപ്പെടുന്ന അമോണിയം നൈട്രേറ്റ് വ്യാവസായികാവശ്യങ്ങൾക്കായി വലിയ അളവിൽ ഉത്‌പാദിപ്പിക്കുന്നുണ്ട്. വളം നിർമാണത്തിൽ നൈട്രജന്റെ സ്രോതസ്സായി ഉപയോഗിക്കുന്ന ഈ രാസവസ്തു ഖനികളിലെ സ്ഫോടനത്തിനും ഉപയോഗിക്കാറുണ്ട്. സാധാരണ സ്ഥിതിയിൽ അപകടകാരിയല്ല. എന്നാൽ, കൂടുതൽ അളവിൽ കുറേക്കാലം കിടക്കുന്നത് അന്തരീക്ഷത്തിലെ ഈർപ്പവുമായിചേർന്ന് പാറപോലെ കട്ടിയാവാൻ കാരണമാകുന്നു. കാലം കഴിയുംതോറും സ്ഫോടനസാധ്യത വർധിക്കുന്നു. നൈട്രജൻ ഓക്സൈഡ്, അമോണിയ തുടങ്ങി വിഷവാതകങ്ങളാണ് അമോണിയം നൈട്രേറ്റ് സ്ഫോടനസമയത്ത് പുറത്തുവരുന്നത്. ബയ്റുത്തിൽ കണ്ടപോലെയുള്ള ഓറഞ്ച് നിറത്തിലുള്ള പുകപടലം നൈട്രജൻ ഓക്സൈഡിൽനിന്ന് വരുന്നതാണ്.
മുൻകാല സ്ഫോടനങ്ങൾ
1921: 4500 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചത് ജർമനിയിലെ ഒപ്പാവോയിൽ 500 പേർ മരിച്ചു.
1947: അമേരിക്കയിലെ ടെക്സസിൽ 2000 ടൺ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ച് 581 പേർ മരിച്ചു.
2015: വടക്കൻ ചൈനയിലെ ടിയാൻഷിൻ തുറമുഖത്തെ സ്ഫോടനത്തിൽ 173 പേർ മരിച്ചു.
Content Highlights: Beirut blast Lebanon