പ്യോങ്‌യാങ്: ഉത്തരകൊറിയയിൽ കടുത്ത ഭക്ഷ്യക്ഷാമമുണ്ടെന്ന് നേതാവ് കിം ജോങ് ഉൻ തുറന്നുസമ്മതിച്ചതിനു പിന്നാലെ ക്ഷാമത്തിന്റെ തീവ്രത വെളിപ്പെടുത്തിക്കൊണ്ട് ഭക്ഷ്യവസ്തുക്കളുടെ ഉയർന്ന വിലയെക്കുറിച്ചുള്ള റിപ്പോർട്ടും പുറത്ത്. ഒരു കിലോ വാഴപ്പഴത്തിന് ഇപ്പോൾ ഏകദേശം 3,335 രൂപയാണ് വിലയെന്ന് എൻ.കെ. ന്യൂസ് റിപ്പോർട്ടുചെയ്യുന്നു. ഒരു പാക്കറ്റ് കാപ്പിക്ക് 7000-ഉം ചായയ്ക്ക് 5,167-ഉം രൂപയും. വളംനിർമാണത്തിന് ദിവസേന രണ്ടു ലിറ്റർ മൂത്രം ഓരോ കർഷകരും നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ ചൈനയിൽ നിന്നുള്ള ഇറക്കുമതി നിലച്ചതും കഴിഞ്ഞകൊല്ലമുണ്ടായ കടുത്ത വെള്ളപ്പൊക്കത്തിൽ കൃഷിനശിച്ചതുമാണ് രാജ്യത്തെ ക്ഷാമത്തിലേക്ക് നയിച്ചത്. ഭക്ഷണം, വളം, ഇന്ധനം എന്നിവയ്ക്കായി ചൈനയെയാണ് കൊറിയ ആശ്രയിക്കുന്നത്. ആണവായുധം, ബാലിസ്റ്റിക് മിസൈൽ നിർമാണവുമായി ബന്ധപ്പെട്ട് ഉപരോധം നിലനിൽക്കുന്നതിനാൽ മറ്റ് രാജ്യങ്ങളെയും ആശ്രയിക്കാനാവാത്ത സ്ഥിതിയിലാണ് ഉത്തരകൊറിയ.

ചൈനീസ് കസ്റ്റംസ് ഡേറ്റയനുസരിച്ച് 250 കോടി ഡോളറിന്റെ ഇറക്കുമതിയാണ് ഉത്തരകൊറിയ നടത്താറുള്ളത്. എന്നാൽ, ഇക്കൊല്ലം അത് 50 കോടി ഡോളറായി ചുരുങ്ങി.

1990-കളിൽ ഉത്തരകൊറിയയിലുണ്ടായ കൊടിയ ക്ഷാമത്തിൽ രണ്ടുലക്ഷത്തിലേറെപ്പേരാണ് മരിച്ചുവീണത്. അതേസമയം, ഭക്ഷ്യക്ഷാമം പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താൻ രാജ്യത്തെ ഭരണകക്ഷിയുടെ കേന്ദ്രകമ്മിറ്റി യോഗത്തിൽ ഉൻ പാർട്ടിപ്രവർത്തകരോട് ആഹ്വാനം ചെയ്തതായി കെ.സി.എൻ.എ. വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎൻ. ഭക്ഷ്യ-കാർഷികസംഘടനയുടെ സമീപകാല റിപ്പോർട്ടനുസരിച്ച് ഉത്തരകൊറിയയ്ക്ക് 8,60,000 ടൺ ഭക്ഷ്യവസ്തുക്കളുടെ കുറവുണ്ട്.

Content highlight: Bananas selling for Rs 3,300 per kg in North Korea