ഇസ്‍ലാമാബാദ്: പാകിസ്താനിൽ ഇമ്രാൻഖാൻസർക്കാരിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികളുടെ കൂറ്റൻ പ്രതിഷേധറാലി. പ്രമുഖ മതസംഘടനയായ ജാമിയത്ത് ഉലെമ ഇ ഇസ്‍ലാം ഫസൽ (ജെ.യു.എൽ.-എഫ്) നേതാവ് മൗലാന ഫസലുർ റഹ്മാന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഇസ്‍ലാമാബാദിൽനടന്ന റാലിയിൽ ലക്ഷങ്ങൾ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു.

രാജ്യത്ത് സാമ്പത്തികപ്രതിസന്ധിയും കശ്മീർവിഷയവും കത്തിനിൽക്കെ ഇമ്രാൻസർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് റാലി. ഒക്ടോബർ 27-ന് സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലുള്ള സോഹ്രാബ് ഗോതിൽനിന്നാരംഭിച്ച റാലി അഞ്ചാംദിവസമാണ് അന്തിമകേന്ദ്രമായ പെഷാവർ മോറിലെത്തിയത്. പ്രതിപക്ഷപാർട്ടികളായ പാകിസ്താൻ മുസ്‍ലിംലീഗ്-നവാസും (പി.എം.എൽ.എൻ.) പാകിസ്താൻ പീപ്പിൾസ് പാർട്ടിയും (പി.പി.പി.) മാർച്ചിനെ പിന്തുണച്ചു.

2018-ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയാണ് ഇമ്രാൻഖാൻ അധികാരത്തിലെത്തിയതെന്ന് പ്രക്ഷോഭകർ ആരോപിക്കുന്നു. സൈന്യത്തിന്റെ പിന്തുണയോടെ പ്രധാനമന്ത്രിയായതുമുതൽ ഇമ്രാൻ ഈ ആരോപണം നേരിടുന്നുണ്ട്. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന പാകിസ്താനിൽ വർധിക്കുന്ന ധനക്കമ്മിയും പണപ്പെരുപ്പവും പിടിച്ചുനിർത്താൻ ഇമ്രാൻസർക്കാരിന് കാര്യക്ഷമതയില്ലെന്നും അവർ ആരോപിക്കുന്നു.

ഇമ്രാന്റെ കെടുകാര്യസ്ഥതയും ദുർഭരണവുമാണ് രാജ്യത്തെ സാധാരണക്കാരുടെ ദുരിതം വർധിപ്പിച്ചതെന്ന് ഫസലുർ റഹ്മാൻ പറഞ്ഞു. ഇമ്രാൻ രാജിവെക്കുന്നതുവരെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.പി.പി. നേതാവ് ബിലാവൽ അലി ഭൂട്ടോ, പി.എം.എൽ.എൻ. നേതാവ് ഷഹബാസ് ഷരീഫ് എന്നിവർ റാലിയിൽ പ്രസംഗിച്ചു. “പ്രധാനമന്ത്രിസ്ഥാനം രാജിവെക്കാൻ ഇമ്രാൻഖാന് സമയമായെന്ന വ്യക്തമായ സന്ദേശം നൽകാനാണ് പ്രതിപക്ഷപാർട്ടികളെല്ലാം ഒരുവേദിയിൽ ഒന്നിച്ചുചേർന്നത്. ഒരു ഏകാധിപതിക്കുമുന്നിൽ തലകുനിക്കാൻ തയ്യാറല്ല. അധികാരത്തിന്റെ കേന്ദ്രം ജനങ്ങളാണ്, സർക്കാരല്ല” -ബിലാവൽ പറഞ്ഞു. അവസരം ലഭിച്ചാൽ ആറുമാസത്തിനുള്ളിൽ രാജ്യത്തെ സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരംകാണുമെന്ന് ഷഹബാസ് ഷരീഫ് പറഞ്ഞു.

വ്യാഴാഴ്ച നടത്താനിരുന്ന ആസാദിമാർച്ച് ലഹോറിൽ തീവണ്ടിക്ക് തീപിടിച്ച് 74 പേർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.

മൗലാന ഫസലുർ റഹ്മാൻ

ബദ്ധശത്രുക്കളാണ് ഇമ്രാൻഖാനും വലതുകക്ഷിനേതാവായ മൗലാന ഫസലുർ റഹ്മാനും. ജൂതന്മാരുടെ ഏജന്റാണെന്ന് ഇമ്രാൻഖാനെന്ന് 2013-ൽ ഫസലുർ റഹ്മാൻ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് റഹ്മാനെതിരേ ഇമ്രാൻ മാനനഷ്ടത്തിന് നോട്ടീസയച്ചു. 2018-ലെ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ റഹ്മാനെ ‘മൗലാന ഡീസൽ’ എന്ന് പരിഹസിച്ചായിരുന്നു ഇമ്രാൻറെ തിരിച്ചടി. ഇന്ധന ലൈസൻസുകൾ അനുവദിക്കുന്നതിൽ റഹ്മാൻ അഴിമതി നടത്തിയെന്ന ആരോപണത്തെ സൂചിപ്പിച്ചായിരുന്നു ഇത്.

Content Highlights: Azadi march against Imran Khan for his resignation