വാഷിങ്ടൺ: കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിൽ രണ്ടുഡോസ് വാക്സിൻ സ്വീകരിച്ചവർപോലും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യു.എസിലെ ഉന്നത ആരോഗ്യസമിതി പൗരന്മാരോടാവശ്യപ്പെട്ടു. ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിൽ വാക്സിൻ സ്വീകരിച്ചവർക്കുപോലും കോവിഡിന്റെ വകഭേദങ്ങൾ ബാധിക്കാനും അവ പടരാനും ഇടയുണ്ടെന്ന് യു.എസിലെ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി.) മുന്നറിയിപ്പുനൽകി. യാത്ര ഒഴിവാക്കാനാവാത്തതാണെങ്കിൽ യാത്രയ്ക്കുമുമ്പ് വാക്സിനേഷൻ പൂർത്തിയാക്കണം. മറ്റു കർശന നിർദേശങ്ങൾ പാലിക്കുകയും വേണമെന്നും സി.ഡി.സി. ആവശ്യപ്പെട്ടു. ഏറ്റവും ഉയർന്ന തോതിൽ കോവിഡ് വ്യാപനമുള്ള ലെവൽ-4 വിഭാഗത്തിൽ ഇന്ത്യയെ പെടുത്തിയിട്ടുമുണ്ട്.

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള യാത്രകൾക്ക് ബ്രിട്ടൻ കഴിഞ്ഞ ദിവസം യാത്രാവിലക്കേർപ്പെടുത്തിയിരുന്നു.