സിഡ്നി: ഇന്ത്യയിൽനിന്ന് മോഷണംപോയതെന്നു കരുതുന്ന ആറെണ്ണമടക്കം 14 കലാസൃഷ്ടികൾ ഓസ്ട്രേലിയ രാജ്യത്തിനു തിരികെനൽകുന്നു. കാൻബറയിലെ ദേശീയ ഗാലറിയിൽ പ്രദർശനത്തിനുവെച്ചിരിക്കുന്ന 14 കലാസൃഷ്ടികളാണ് ഇന്ത്യക്ക് തിരിച്ചുകിട്ടുക. ശില്പങ്ങളും ഛായാചിത്രങ്ങളും അടക്കം 16.33 കോടി രൂപ വിലമതിക്കുന്നതാണ് ശേഖരം. മാസങ്ങൾക്കകം ഇവ കേന്ദ്രസർക്കാരിന് കൈമാറുമെന്ന് ഗാലറി ഡയറക്ടർ നിക്ക് മിറ്റ്സെവിച്ച് പറഞ്ഞു.

ദേശീയ ഗാലറിയുടെ ‘ചരിത്രത്തിലെ ഏറെ മോശപ്പെട്ട അധ്യായം’ അവസാനിപ്പിക്കാനുള്ള നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

തിരിച്ചുനൽകുന്ന 14 എണ്ണത്തിൽ 13-ഉം സുഭാഷ് കപൂർ എന്ന വ്യക്തി വഴിയാണ് ഓസ്‌ട്രേലിയയിലെത്തിയത്. പുരാവസ്തുക്കൾ കടത്തിയ കേസിൽ യു.എസിലെ മാൻഹട്ടണിൽ വിചാരണകാത്ത് തടവിൽക്കഴിയുകയാണ് സുഭാഷ് കപൂർ. നേരത്തേയും കപൂർ വഴി സ്വന്തമാക്കിയ കലാസൃഷ്ടികൾ ഗാലറി ഇന്ത്യക്ക്‌ തിരികെ നൽകിയിരുന്നു. തമിഴ്നാട്ടിൽനിന്ന്‌ മോഷണംപോയ 37 കോടി രൂപ വിലമതിക്കുന്ന ശിവന്റെ വിഗ്രഹവും ഇതിൽപ്പെടും.

Content Highlights: Australia to handover items  theft from India