ലണ്ടന്‍: മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂ ചിക്ക് നല്‍കിയ ബഹുമതി ബ്രിട്ടനിലെ ഓക്‌സ്ഫഡ് സിറ്റി കൗണ്‍സില്‍ തിരിച്ചെടുത്തു. ഓക്‌സ്ഫഡ് നഗരത്തില്‍ വളരെക്കാലം താമസിച്ച സ്യൂചിക്ക് ജനാധിപത്യപോരാട്ടത്തിന്റെ പേരില്‍ 1997-ല്‍ നല്‍കിയ 'ഫ്രീഡം ഓഫ് ഓക്‌സ്ഫഡ്' ബഹുമതിയാണ് തിരിച്ചെടുത്തത്.
 
റോഹിംഗ്യകളോടുള്ള അവരുടെ സമീപനത്തില്‍ പ്രതിഷേധിച്ചാണ് ഈ നടപടി. കഴിഞ്ഞയാഴ്ച ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ സെയ്ന്റ് ഹ്യൂസ് കോളേജിന്റെ കവാടത്തില്‍ നിന്ന് പൂര്‍വവിദ്യാര്‍ഥികൂടിയായ സ്യൂചിയുടെ ചിത്രം നീക്കിയിരുന്നു.
 
റോഹിംഗ്യന്‍ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി ഭീഷണി

കോക്‌സ് ബസാര്‍: ബംഗ്ലാദേശിലുള്ള റോഹിംഗ്യകളുടെ അഭയാര്‍ഥിക്യാമ്പില്‍ അതിസാരബാധ. പതിനായിരത്തിലേറെപ്പേരെ രോഗംബാധിച്ചതായാണ് വിവരം. ഇത് നിയന്ത്രിക്കാനുള്ള തീവ്രശ്രമത്തിലാണ് സന്നദ്ധസംഘടനകള്‍. ഓഗസ്റ്റ് 25-ന് മ്യാന്‍മാറിലെ റാഖിനിലാരംഭിച്ച സംഘര്‍ഷത്തില്‍ അഞ്ചുലക്ഷത്തിലേറെപ്പേരാണ് ബംഗ്ലാദേശിലെത്തിയത്. അതിസാരബാധിതരെ ചികിത്സിക്കാനായി കുതുരസസോങ് അഭയാര്‍ഥി ക്യാമ്പില്‍ 20 കിടക്കകളുള്ള ചികിത്സാലയം തുറന്നു. ക്യാമ്പുകളില്‍ സഹായമെത്തിക്കാന്‍ 43 കോടി ഡോളര്‍ ശേഖരിക്കുമെന്ന് യു.എന്‍. അറിയിച്ചു.

 


തിരിച്ചെടുക്കുക ഇക്കൊല്ലം പലായനം ചെയ്തവരെ മാത്രം


ധാക്ക: ബംഗ്ലാദേശിലുള്ള റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരികെയെത്തിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി മ്യാന്‍മാര്‍. ഓഗസ്റ്റ് 25-ലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പലായനം ചെയ്തവരെ തിരിച്ചെത്തിക്കുന്ന കാര്യമേ മ്യാന്‍മാര്‍ പരിഗണിക്കുന്നുള്ളൂവെന്ന് ബംഗ്ലാദേശ് അറിയിച്ചു. ആകെ ഒമ്പത് ലക്ഷത്തോളം റോഹിംഗ്യകളാണ് ഇപ്പോള്‍ ബംഗ്ലാദേശിലുള്ളത്. ഇവരെ മുഴുവന്‍ തിരച്ചെടുക്കണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം.