യാങ്കോണ്‍: മ്യാന്‍മാര്‍ സ്റ്റേറ്റ് സുപ്രിം കൗണ്‍സിലര്‍ ആങ്‌സാന്‍ സ്യൂചിയുടെ യാങ്കോണിലെ വസതിക്കുനേരേ അജ്ഞാതന്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. ആക്രമണസമയത്ത് സ്യൂചി വീട്ടിലുണ്ടായിരുന്നില്ല. സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ വക്താവ് സോ ഹ്‌തേ അറിയിച്ചു.

പിങ്ക് ഷര്‍ട്ടും കള്ളിമുണ്ടും ധരിച്ചെത്തിയ അജ്ഞാതന്റെ ഫോട്ടോ സോ ഹ്‌തേ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റുചെയ്തിട്ടുണ്ടെങ്കിലും ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

മ്യാന്‍മാറിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയനേതാവായ സ്യൂചിയുടെ വീടിന് കനത്ത കാവലുണ്ടായിരിക്കേയാണ് ആക്രമണം. സംഭവത്തെക്കുറിച്ച് അവര്‍ പ്രതികരിച്ചിട്ടില്ല. റോഹിംഗ്യകള്‍ക്കുനേരെയുണ്ടായ സൈനിക നടപടികളെ അപലപിക്കാതിരുന്ന സമാധാന നൊബേല്‍ ജേതാവുകൂടിയായ സ്യൂചിക്കെതിരേ രാജ്യത്തും പുറത്തും കടുത്തവിമര്‍ശനം ഉയര്‍ന്നിരുന്നു.

സ്യൂചിയുടെ ഉപദേശകനും രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന കോ നി കൊല്ലപ്പെട്ടിട്ട് ഒരുവര്‍ഷം തികയുമ്പോളാണ് സ്യൂചിയുടെ വീട് ലക്ഷ്യമിട്ടുള്ള ആക്രമണമുണ്ടായത്. കോ നിയുടെ മരണത്തിനുശേഷം സ്യൂചിയുടെ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരുന്നു.

2003-ല്‍ സ്യൂചി സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ ജനക്കൂട്ടം ആക്രമണം നടത്തിയിരുന്നു. അന്നത്തെ പട്ടാള ഭരണകൂടം അവരെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്ത ആക്രമണമായിരുന്നു അതെന്നായിരുന്നു ആരോപണം.