നയ്‌പിഡോ: സൈന്യം ഭരണം പിടിച്ചെടുത്ത മ്യാൻമാറിൽ ഭരണകക്ഷി നാഷണൽ ലീഗ് ഫോർ ഡെമോക്രസി (എൻ.എൽ.ഡി.) നേതാവും നോബേൽ പുരസ്കാര ജേതാവുമായ ആങ് സാൻ സ്യൂചിയെ ഫെബ്രുവരി 15-വരെ റിമാൻഡ് ചെയ്തു. ഇറക്കുമതി, കയറ്റുമതി നിയമങ്ങൾ ലംഘിച്ചു, നിയമവിരുദ്ധമായ ആശയവിനിമയ ഉപകരണങ്ങൾ കൈവശംവെച്ചു എന്നീ കുറ്റങ്ങളിലാണ് നടപടി.

സ്യൂചി എവിടെയാണെന്നതിനെക്കുറിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. തലസ്ഥാനമായ നയ്‌പിഡോയിലെ തന്റെ വസതിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

ജയിലിലാണെന്ന് കരുതപ്പെടുന്ന പ്രസിഡന്റ് വിൻ മിൻറിനെതിരേയും കേസെടുത്തിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സംഘംചേരാൻ ജനങ്ങളെ പ്രേരിപ്പിച്ചെന്നതാണ് അദ്ദേഹത്തിനെതിരായ കുറ്റം.

സൈന്യം അധികാരം പിടിച്ചെടുത്ത ഫെബ്രുവരി ഒന്നിന് ശേഷം ഇരുനേതാക്കളും ഇതുവരെയും രംഗത്തെത്തിയിട്ടില്ല.

സൈനികനടപടിയിൽ പ്രതിഷേധിച്ച് ചില ആശുപത്രികൾ പ്രവർത്തനം നിർത്തിവെച്ചിട്ടുണ്ട്. സ്യൂചിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതീകാത്മകമായ ചിഹ്നങ്ങൾ ധരിച്ചാണ് ചില ആരോഗ്യപ്രവർത്തകർ ജോലിചെയ്യാനെത്തിയത്. സാമൂഹികമാധ്യമങ്ങളിൽ മുഖചിത്രങ്ങൾ മാറ്റിയും പ്രതിഷേധം നടന്നു.

രാജ്യമെങ്ങും നിസ്സഹകരണപ്രസ്ഥാനം ആരംഭിക്കാൻ ചെറുപ്പക്കാർ പദ്ധതിയിടുന്നതായി യാങ്കൂൺ യൂത്ത് നെറ്റ്‌വർക്ക് സ്ഥാപകൻ തിൻസർ ഷുൻലേയ് പറഞ്ഞു. സൈനിക സർക്കാരിനായി പ്രവർത്തിക്കുന്നത് നിർത്താൻ സർക്കാർ ഉദ്യോഗസ്ഥരോട് ആഹ്വാനംചെയ്യുമെന്നും തിൻസർ പറഞ്ഞു.

സൈനിക അട്ടിമറിക്കുശേഷം ശാന്തമായി തുടരുന്ന മ്യാൻമാറിൽ സൈന്യം കർഫ്യുവും രാത്രി പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. സൈന്യത്തെ പിന്തുണച്ചു നടന്ന പ്രകടനത്തിൽ 3000 പേരോളം പങ്കെടുത്തിരുന്നു.

അതേസമയം, മ്യാൻമാറിലെ പ്രശ്നങ്ങളെക്കുറിച്ച് അടിയന്തരയോഗം ചേർന്ന രക്ഷാസമിതി തീരുമാനത്തിലെത്തുന്നതിൽ പരാജയപ്പെട്ടു. ഉപരോധം അടക്കമുള്ള നടപടികൾ മ്യാൻമാറിലെ സ്ഥിതി കൂടുതൽ വഷളാക്കാൻ കാരണമാകുമെന്ന ചൈനീസ് നിലപാടിനെ തുടർന്നായിരുന്നു ഇത്. അടിയന്തരാവസ്ഥ അവസാനിപ്പിക്കണമെന്നും ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന് അധികാരം കൈമാറണമെന്നും ജി.7 രാജ്യങ്ങൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

2554 കോടിരൂപ തിരിച്ചെടുക്കാൻ ഐ.എം.എഫ്.

വാഷിങ്ടൺ: മ്യാൻമാറിന് കഴിഞ്ഞയാഴ്ച കോവിഡ് പ്രതിരോധത്തിനായി നൽകിയ 2554 കോടി രൂപ (350 മില്യൺ യു.എസ്. ഡോളർ) തിരികെ ലഭിക്കാൻ നടപടികൾ സ്വീകരിക്കാൻ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) ആലോചിക്കുന്നു. സൈനിക അട്ടിമറി ഉൾപ്പെടെയുള്ള നടപടികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ജനുവരി 13-നാണ് തുക മ്യാൻമാറിന് കൈമാറിയത്. “സംഭവവികാസങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇവ എങ്ങനെ സാമ്പത്തിക വ്യവസ്ഥയെയും ജനങ്ങളെയും ബാധിക്കുന്നു. എന്ന ആശങ്കയിലാണ്.” ഐ.എം.എഫ്. ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

Content Highlight: Aung San Suu Kyi  remanded until Feb 15