ഹേഗ്: റോഹിംഗ്യൻ വംശഹത്യയ്ക്ക്‌ ന്യായീകരണവുമായി മ്യാൻമാർ സ്റ്റേറ്റ് കൗൺസിലറും സമാധാന നൊബേൽ ജേതാവുമായ ആങ്സാൻ സ്യൂചി ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽക്കോടതി(ഐ.സി.ജെ.)യിൽ. മ്യാൻമാറിലെ റാഖിൻ സംസ്ഥാനത്ത് 2017-ലുണ്ടായ സൈനിക അടിച്ചമർത്തലിൽ നൂറുകണക്കിന്‌ റോഹിംഗ്യൻ മുസ്‌ലിങ്ങൾ കൂട്ടവംശഹത്യയ്ക്കിരയായിട്ടും ആങ് സാൻ സ്യൂചി മൗനംപാലിച്ചത് ശക്തമായ അന്താരാഷ്ട്രവിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.

വംശഹത്യയിൽ നടപടിയാവശ്യപ്പെട്ട് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗാംബിയയാണ് ഐ.സി.ജെ.യിൽ പരാതിനൽകിയത്. വിഷയത്തിൽ മ്യാൻമാറിന്റെ ഔദ്യോഗികവിശദീകരണം നൽകാനാണ് സ്യൂചി ഹാജരാവുന്നത്. ബുധനാഴ്ച അവർ സംസാരിച്ചേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഹിംഗ്യൻ മുസ്‌ലിങ്ങളെയല്ല, തീവ്രവാദികളെയാണ് സൈന്യം നേരിട്ടതെന്ന വാദമാവും സ്യൂചി മുന്നോട്ടുവെക്കുകയെന്നാണ് സൂചന.

മ്യാൻമാറിലെ ജനാധിപത്യപ്രക്ഷോഭനായികയായ സ്യൂചിക്ക് 1991-ലാണ് സമാധാന നൊബേൽ ലഭിച്ചത്. രാജ്യത്തെ സൈനികഭരണത്തിനുനേരെ നടത്തിയ പോരാട്ടങ്ങളുടെ പേരിൽ ലഭിച്ച പുരസ്കാരം റോഹിംഗ്യൻ വംശഹത്യയുടെ പശ്ചാത്തലത്തിൽ റദ്ദാക്കണമെന്ന് പലകോണുകളിൽനിന്നും ആവശ്യമുയർന്നിരുന്നു. അവരോടുള്ള ആദരസൂചകമായി നൽകിയ ഓണററി പൗരത്വം കാനഡ പിൻവലിക്കുകയുംചെയ്തു.

Content Highlights: Aung San Suu Kyi at the International Court of Justice