ഹനോയി (വിയറ്റ്നാം): റോഹിംഗ്യൻ പ്രശ്നം മെച്ചപ്പെട്ട രീതിയിൽ കൈകാര്യം ചെയ്യാമായിരുന്നുവെന്ന് മ്യാൻമാർ സ്റ്റേറ്റ് കൗൺസിലറും നൊബേൽ സമ്മാനജേതാവുമായ ആങ് സാൻ സ്യൂചി. വിയറ്റ്നാമിലെ ഹനോയി നഗരത്തിൽ ലോക ഇക്കണോമിക് ഫോറത്തിന്റെ സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു സ്യൂചി. എന്നാൽ, സംവാദത്തിലുടനീളം മ്യാൻമാർ സൈന്യത്തെ സ്യൂചി ന്യായീകരിച്ചു.

‘‘കാര്യങ്ങൾ കുറച്ചുകൂടി നന്നായി കൈകാര്യം ചെയ്യാമായിരുന്നുവെന്ന് പിന്നീട് തോന്നുന്ന ചില നിമിഷങ്ങളുണ്ട്. എല്ലാ പക്ഷത്തുള്ളവരോടും നമ്മൾ നീതിപുലർത്തണം. നിയമം എല്ലാവർക്കും ബാധകമാണ്. അതിൽ നമുക്ക് ഇഷ്ടമുള്ളതുമാത്രം തിരഞ്ഞെടുക്കാനാവില്ല’’ -സ്യൂചി പറഞ്ഞു.

രാജ്യത്ത് വംശീയ ന്യൂനപക്ഷങ്ങൾ വലിയ ഭീഷണിയാണ് നേരിടുന്നത്. ചില വിഭാഗങ്ങൾ പൂർണമായും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. റാഖിനിലെ മുസ്‍ലിങ്ങളും ബുദ്ധവംശജരും മാത്രമല്ല ഇതിൽ ഉൾപ്പെടുന്നത്.

കലാപത്തെത്തുടർന്ന് റാഖിൻ സംസ്ഥാനത്ത് പലായനം ചെയ്തവരെ തിരിച്ചെത്തിക്കാൻ മ്യാൻമാർ തയ്യാറെടുക്കുകയാണ്. എന്നാൽ, ബംഗ്ലാദേശ്, മ്യാൻമാർ എന്നീ രണ്ട് രാജ്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ ഈ പ്രക്രിയ കുറച്ച് സങ്കീർണമാകും -സ്യൂചി പറഞ്ഞു.

മാധ്യമപ്രവർത്തകരുടെ അറസ്റ്റിനും ന്യായീകരണം

നിയമലംഘനമാരോപിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ രണ്ട് മാധ്യമപ്രവർത്തകർക്ക് ഏഴുവർഷം തടവുശിക്ഷ വിധിച്ച മ്യാൻമാർ കോടതി നടപടിയെ സ്യൂചി ന്യായീകരിച്ചു. മാധ്യമപ്രവർത്തകരായതിന്റെ പേരിലല്ല അവരെ ജയിലിലടച്ചത്, രാജ്യത്തെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്ന കുറ്റത്തിനാണ് -സ്യൂചി പറഞ്ഞു. തുറന്ന കോടതിയിലാണ് കേസിന്റെ വാദം നടന്നത്. ആരും വിധിന്യായം വായിച്ചുനോക്കാൻ മെനക്കെട്ടിട്ടില്ലെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു.

2017 സെപ്റ്റംബറിൽ റാഖിൻ സംസ്ഥാനത്തെ ഇൻ ഡിൻ ഗ്രാമത്തിൽ 10 റോഹിംഗ്യകൾ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽനിന്ന് രഹസ്യസ്വഭാവമുള്ള രേഖകൾ ശേഖരിക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് മാധ്യമപ്രവർത്തകരായ വാ ലോണിൻറെയും ക്യാവ് സോ ഊവിൻറെയും പേരിൽ ചുമത്തിയിട്ടുള്ളത്.