യുണൈറ്റഡ് നേഷൻസ്: മ്യാൻമാറിൽ റോഹിംഗ്യൻ മുസ്‍ലിങ്ങൾക്ക് നേരെ സൈന്യം നടത്തിയ അതിക്രമങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സ്യൂചി രാജി വെക്കേണ്ടിയിരുന്നുവെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യവകാശ കൗൺസിൽ. സൈന്യത്തിന് മാപ്പുനൽകുന്നതിന് പകരം സ്യൂചി വീട്ടുതടങ്കലിലേക്ക് തന്നെ തിരികെ പോകാനുള്ള തീരുമാനമെടുക്കേണ്ടിയിരുന്നുവെന്ന് മനുഷ്യാവകാശ കൗൺസിൽ മേധാവി സെയ്ദ് റാദ് അൽ ഹുസൈൻ പറഞ്ഞു. ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സി.ക്ക്‌ നൽകിയ അഭിമുഖത്തിലായിരുന്നു ഹുസൈന്റെ പ്രതികരണം.

റോഹിംഗ്യൻ വിഷയത്തിൽ എന്തെങ്കിലും ചെയ്യാൻകഴിയുന്ന പദവി വഹിക്കുന്നയാളാണ് സ്യൂചി. അവർ മൗനം പാലിച്ചിരിക്കുന്നതിനെക്കാൾ നല്ലത് രാജിവെക്കുകയായിരുന്നു. മ്യാൻമാർ സൈന്യത്തിന്റെ വക്താവായി മാറി, സൈന്യത്തിനെതിരേ ഉയർന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചവയാണെന്ന് സ്യൂചി പറഞ്ഞിരുന്നു. ഇത് വേണ്ടിയിരുന്നില്ല. ഇത്തരം ആരോപണങ്ങളുയരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ നേതാവാകാൻ തനിക്ക് താത്പര്യമില്ലെന്നും രാജിവെച്ച് വീട്ടുതടങ്കലിലേക്ക് തിരികെ പോകുകയാണെന്നും സ്യൂചി പറയണമായിരുന്നു -റാദ് അൽ ഹുസൈൻ പറഞ്ഞു.

റോഹിംഗ്യൻ വിഷയത്തിൽ സമാധാന നൊബേൽ ജേതാവ് കൂടിയായ സ്യൂചി ശക്തമായ നിലപാടെടുക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്രതലത്തിൽ സമ്മർദമുയർന്നിരുന്നെങ്കിലും അവരുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമുണ്ടായിരുന്നില്ല. ബുദ്ധഭൂരിപക്ഷ രാജ്യമായ മ്യാൻമാറിൽ റോഹിംഗ്യകൾക്ക് നേരെ ഗുരുതര ആക്രമണങ്ങളുണ്ടായിട്ടുണ്ടെങ്കിലും ബുദ്ധമതക്കാർക്ക് നേരെയും അതിക്രമങ്ങളുണ്ടായിട്ടുണ്ടെന്നായിരുന്നു സ്യൂചിയുടെ പ്രതികരണം.

റോഹിംഗ്യൻ മുസ്‍ലിങ്ങളെ ലക്ഷ്യമിട്ട് നടന്ന വംശഹത്യയിൽ മ്യാൻമാർ സൈന്യത്തിനെതിരേ യുദ്ധക്കുറ്റം ചുമത്തി അന്വേഷണം നടത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് തിങ്കളാഴ്ച പുറത്തുവന്ന പശ്ചാത്തലത്തിലാണ് റോഹിംഗ്യൻ വിഷയം വീണ്ടും ചൂടുപിടിച്ചത്. റിപ്പോർട്ട് ഏകപക്ഷീയമാണെന്നാരോപിച്ച് മ്യാൻമാർ ഇത് തള്ളിയിരുന്നു.