ലണ്ടന്‍: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരജേതാവും മ്യാന്‍മാറിലെ പ്രമുഖ നേതാവുമായ ആങ് സാന്‍ സ്യൂചിയുടെ ജീവചരിത്രം കുട്ടികളുടെ പുസ്തകത്തില്‍നിന്ന് നീക്കണമെന്ന് ആവശ്യം. പെണ്‍കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന വനിതാവ്യക്തിത്വങ്ങളെക്കുറിച്ചുള്ള 'ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോര്‍ റിബല്‍ ഗേള്‍സ്' എന്ന പുസ്തകത്തിന്റെ വരുംപതിപ്പുകളില്‍ സ്യൂചിയുടെ ഭാഗം ഉള്‍പ്പെടുത്തരുതെന്നാണ് വിമര്‍ശകരുടെ ആവശ്യം.

വംശഹത്യയെ പിന്തുണയ്ക്കുന്നുവെന്ന് സംശയിക്കപ്പെടുന്ന ഒരാളുടെ പേര് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് വെറുപ്പുളവാക്കുന്നുവെന്നും നരഹത്യക്കും കൂട്ടബലാത്സംഗത്തിനും എതിരേ യാതൊന്നുംചെയ്യാത്തയാള്‍ക്ക് വനിതാരത്‌നങ്ങളുടെ പട്ടികയില്‍ ഇടംനല്‍കാനാവില്ലെന്നും വിമര്‍ശകര്‍ പറയുന്നു.

അമേരിക്കന്‍ വൈമാനിക അമീലിയ എയര്‍ഹാര്‍ട്ട്, പ്രമുഖ ശാസ്ത്രജ്ഞ മേരി ക്യൂറി, അമേരിക്കയുടെ മുന്‍ പ്രഥമവനിതയും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവുമായ ഹിലരി ക്ലിന്റണ്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് സ്യൂചിയുടെ കഥയും പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.

മനുഷ്യാവകാശപോരാട്ടങ്ങളുടെ പേരില്‍ ലോകത്തിന്റെ പിന്തുണനേടിയ ആങ് സാന്‍ സ്യൂചി റോഹിംഗ്യന്‍ മുസ്!ലിങ്ങള്‍ക്കുനേരേയുണ്ടായ ആക്രമണത്തില്‍ നിശ്ശബ്ദത പാലിച്ചത് വലിയ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. എന്നാല്‍, സ്യൂചിയുടെ ഭാഗം നീക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും നിലവിലെ സാഹചര്യം പരിശോധിച്ചുവരികയാണെന്നും പുസ്തകമെഴുതിയ എലീനയും ഫ്രാന്‍സെസ്‌കയും അറിയിച്ചു.

സ്യൂചി ബിരുദപഠനം പൂര്‍ത്തിയാക്കിയ സെയ്ന്റ് ഗ്യൂഗ്‌സ് ഓക്‌സ്!ഫഡ് കോളേജിന്റെ പ്രധാനകവാടത്തില്‍ 1999-ല്‍ സ്ഥാപിച്ച ഛായാചിത്രം റോഹിംഗ്യന്‍ വിവാദത്തെത്തുടര്‍ന്ന് നീക്കംചെയ്തിരുന്നു.