നായ്പിഡൊ: മ്യാന്മറില്‍ റോഹിംഗ്യകള്‍ക്കുനേരെ വംശീയ ഉന്‍മൂലനം നടക്കുന്നില്ലെന്ന് സമാധാന നൊബേല്‍ ജേതാവും ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രാസിയുടെ നേതാവുമായ ആങ് സാന്‍ സ്യൂചി. വംശഹത്യ എന്ന പ്രയോഗം വളരെ കടുത്തതാണെന്നും ബി.ബി.സി.ക്കു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

എന്നാല്‍, റോഹിംഗ്യകളുടെ കേന്ദ്രമായ റാഖിനില്‍ പ്രശ്‌നങ്ങളുണ്ടെന്ന് അവര്‍ സമ്മതിച്ചു. രാജ്യം വിട്ടുപോയ റോഹിംഗ്യകള്‍ തിരിച്ചുവന്നാല്‍ രണ്ടുകൈയുംനീട്ടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

'റാഖിനില്‍ പലതരം വിദ്വേഷമുണ്ട്. മുസ്ലിങ്ങള്‍തന്നെ മുസ്ലിങ്ങളെ കൊല്ലുന്നുണ്ട്. വിഭജിച്ചുനില്‍ക്കുന്നവര്‍! തമ്മിലുള്ള പോരാട്ടമാണവിടെ. അവരെ ഒന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ ചര്‍ച്ച നടത്തി സമാധാനം പുനഃസ്ഥാപിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ അട്ടിമറിക്കുന്നതിനുവേണ്ടിയാണെന്ന്'' സ്യൂചി പറഞ്ഞു.

'പട്ടാളത്തിന് ബലാത്സംഗം ചെയ്യാനോ പീഡിപ്പിക്കാനോ കൊള്ളയടിക്കാനോ ഉള്ള അവകാശമില്ല. പോരാട്ടത്തിനുള്ള അവകാശംമാത്രമാണ് ഭരണഘടന അനുവദിക്കുന്നത്. നിലവില്‍ മ്യാന്മറില്‍ പട്ടാളം സമാന്തര സര്‍ക്കാര്‍പോലെയാണ്. ഇവരെ സര്‍ക്കാരിന്റെകീഴില്‍ കൊണ്ടുവരാന്‍ കഴിയു'മെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പിലൂടെ എന്‍.എല്‍.ഡി. അധികാരത്തിലേറിയിട്ടും റോഹിംഗ്യകള്‍ക്കുനേരെ അതിക്രമം തുടരുകയാണ്. ഒക്ടോബറില്‍ ഒമ്പതുപോലീസുകാര്‍ക്കുനേരെ ആക്രമണമുണ്ടായതിന്റെപേരില്‍ പട്ടാളം റാഖിനില്‍ നടത്തിയ അടിച്ചമര്‍ത്തലിനെത്തുടര്‍ന്ന് 70,000 റോഹിംഗ്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തു. ഇതിന്റെപേരില്‍ യു.എന്‍. മ്യാന്‍മറിനെ വിമര്‍ശിച്ചിരുന്നു.