കാബൂൾ: കിഴക്കൻ അഫ്ഗാനിസ്താനിലെ ജലാലാബാദിൽ താലിബാനുനേരെ അക്രമങ്ങൾ തുടരുന്നു. ബുധനാഴ്ച വാഹനങ്ങൾക്കുനേരെയുണ്ടായ രണ്ട് ആക്രമണങ്ങളിൽ രണ്ടു താലിബാനികളും മൂന്നു നാട്ടുകാരും അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. ഇതിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു.

ഒട്ടേറെ താലിബാനികൾക്ക് പരിക്കുണ്ട്. നഗരത്തിലെ പ്രാദേശിക ഗ്യാസ് സ്റ്റേഷനു സമീപത്തുവെച്ച് താലിബാൻ വാഹനത്തിനുേനരെ അക്രമി നിറയൊഴിക്കുകയായിരുന്നു. രണ്ടു താലിബാൻ അംഗങ്ങളും സ്റ്റേഷൻ സൂക്ഷിപ്പുകാരനും ഒരു കുട്ടിയുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജലാലാബാദിലുണ്ടായ മറ്റൊരു ബോംബാക്രമണത്തിൽ രണ്ടു താലിബാൻ അംഗങ്ങൾക്കു പരിക്കേൽക്കുകയും ഒരു കുട്ടി കൊല്ലപ്പെടുകയും ചെയ്തു. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

പ്രദേശത്ത് താലിബാനെതിരേ കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയുമുണ്ടായ ആക്രമണങ്ങളിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐ.എസ്. ഏറ്റെടുത്തിരുന്നു. ഐ.എസ്. അഫ്ഗാൻ ഘടകത്തിന്റെ ശക്തികേന്ദ്രമായാണ് ജലാലാബാദ് അറിയപ്പെടുന്നത്. താലിബാൻ അധികാരം പിടിച്ചതിനുപിന്നാലെ ഇരുസംഘടനകളും തമ്മിലുള്ള സംഘർഷം രൂക്ഷമായിരുന്നു.