കാബൂൾ: അഫ്ഗാനിസ്താനിലെ കിഴക്കൻ നഗരമായ ജലാലാബാദിൽ വീണ്ടും താലിബാനെതിരേ ആക്രമണം. താലിബാൻ സംഘം സഞ്ചരിച്ചിരുന്ന ട്രക്കിനുനേരെ ബോംബാക്രമണമുണ്ടാകുകയായിരുന്നു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശനിയാഴ്ച ജലാലാബാദിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.) അഫ്ഗാൻ ഘടകത്തിന്റെ ശക്തികേന്ദ്രമാണ് ജലാലാബാദ്. താലിബാൻ അധികാരമേറ്റതിനുപിന്നാലെ ഓഗസ്റ്റ് 26-ന് കാബൂൾ വിമാനത്താവളത്തിനടുത്ത് ഐ.എസ്. നടത്തിയ ചാവേറാക്രമണത്തിൽ 170-ലേറെ പേർ കൊല്ലപ്പെട്ടിരുന്നു.