ഹോങ്‌കോങ്: ഹോങ്‌കോങ്ങിൽ കുറ്റവാളിക്കൈമാറ്റ ബില്ലിനുനേരെ പ്രതിഷേധിക്കുന്ന ജനാധിപത്യപ്രക്ഷോഭകർക്കുനേരെ ആക്രമണം. ഞായറാഴ്ച നടന്ന സംഭവത്തിൽ ഒട്ടേറെ പ്രതിഷേധക്കാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ചൈനയിലെ ട്രയാഡ് അധോലോകസംഘമാണ് ആക്രമണത്തിനുപിന്നിലെന്നാണ് പ്രാഥമികനിഗമനം.

ഹോങ്‌കോങ്ങിൽ റാലിക്കുശേഷം തിരികെപ്പോകാൻ യുവെൻ ലോങ്ങിലെ മെട്രോ റെയിൽ സ്റ്റേഷനിലേക്കെത്തിയ സമരക്കാർ രാത്രിയാണ് ആക്രമിക്കപ്പെട്ടത്. വെള്ള ടീഷർട്ടും മുഖംമൂടിയും ധരിച്ചെത്തിയ അക്രമിസംഘം ബാറ്റും കമ്പിവടികളുമുപയോഗിച്ച് പ്രക്ഷോഭകരെ മർദിക്കുകയായിരുന്നു. മാധ്യമപ്രവർത്തകർക്കും മർദനമേറ്റു. 45 പേർക്ക് പരിക്കേറ്റതായി ഹോങ്‌കോങ്ങിലെ ആശുപത്രിയധികൃതർ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തി. അക്രമം തടയുന്നതിൽ പോലീസ് വീഴ്ചവരുത്തിയെന്നും ആരോപണമുയർന്നു. അക്രമമുണ്ടായി ഒരുമണിക്കൂർ കഴിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയതെന്നും അക്രമികളെ അറസ്റ്റുചെയ്യാൻ ഇതുവരെയായിട്ടില്ലെന്നും പ്രക്ഷോഭകർ ആരോപിച്ചു. അക്രമത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം, പ്രക്ഷോഭകർക്കുനേരെയുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് ഹോങ്‌കോങ് ചീഫ് എക്സിക്യുട്ടീവ് കാരി ലാം പ്രതികരിച്ചു. നിയമം പാലിക്കുന്ന സമൂഹമാണ് ഹോങ്‌കോങ്ങെന്നും ഇത്തരം അക്രമങ്ങളെ അപലപിക്കുന്നുവെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.

ഞായറാഴ്ചനടന്ന റാലിക്കിടെ ഹോങ്‌കോങ്ങിലെ ചൈനീസ് പ്രതിനിധിയുടെ ഓഫീസ് ചുമരുകൾ തകർക്കുകയും ചൈനീസ് ഔദ്യോഗികചിഹ്നം നശിപ്പിക്കുകയുംചെയ്തു. ഇത്തരം പ്രവൃത്തികൾ ക്ഷമിക്കാനാകാത്തതാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയവക്താവ് ജെങ് ഷുവാങ് പറഞ്ഞു.

Content Highlights: Attack against protesters in Hong Kong, many injured