ജലാലാബാദ്: അഫ്ഗാനിസ്താനിലെ ജലാലാബാദില്‍ ഇന്ത്യന്‍ കാര്യാലയത്തിനുനേരേ ഭീകരാക്രമണം. സൈന്യം തിരിച്ചടിച്ച് നാല് ഭീകരരെ വധിച്ചു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തീവ്രവാദ സംഘടനകളൊന്നും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

കാര്യാലയത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെല്ലാം സുരക്ഷിതരാണെന്ന് അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറ്റുമുട്ടലില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരിക്കേറ്റു.

അഞ്ചുപേരാണ് ഭീകരരുടെ സംഘത്തിലുണ്ടായിരുന്നത്. വാഹനത്തിലാണ് ഇവര്‍ എത്തിയത്. ആദ്യം ഒരാള്‍ ചാവേറായി സ്വയം പൊട്ടിത്തെറിച്ചു. തുടര്‍ന്ന് മറ്റുള്ളവര്‍ സമീപത്തെ അതിഥിമന്ദിരത്തിന് സമീപത്തുനിന്ന് തുരുതുരാ വെടിവെച്ചു. സുരക്ഷാ ചുമതലയുള്ള ഇന്തോ-ടിബറ്റന്‍ പോലീസും അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും തിരിച്ചടിച്ചു. വെടിവെപ്പില്‍ സമീപത്തെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന എട്ട് കാറുകളും തകര്‍ന്നു.

മണിക്കൂറുകള്‍ക്കുള്ളില്‍ ഭീകരരെയെല്ലാം വധിച്ചതായി അഫ്ഗാന്‍മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്റെയും ഇറാന്റെയും കാര്യാലയങ്ങളും ഇതിന് സമീപമാണ്. ജനവരിയില്‍ പാകിസ്താന്‍ കാര്യാലയത്തിനുനേരേ ഐ.എസ്. ആക്രമണമുണ്ടായിരുന്നു. ജനവരിയില്‍ വടക്കന്‍ അഫ്ഗാനിലെ മസാരെ ഷെരീഫിലെ ഇന്ത്യന്‍കാര്യാലയത്തിനുനേരേയും ആക്രമണമുണ്ടായി.

ജലാലാബാദിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിന് നേരെ നടക്കുന്ന നാലാം ഭീകരാക്രമണമാണ് ബുധനാഴ്ച നടന്നത്. 2007-ലും '13-ലും കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായി. 2015-ലെ ആക്രമണശ്രമം അഫ്ഗാന്‍ സുരക്ഷ ഏജന്‍സികള്‍ വിഫലമാക്കി.
 
ഇതിനുശേഷമാണ് വടക്കന്‍ അഫ്ഗാനിലെ മസാരെ ഷെരീഫിലെ കാര്യാലയത്തിന് നേരെ ഭീകരാക്രമണം നടന്നത്. 25 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് അന്ന് ഭീകരരെ കൊലപ്പെടുത്തിയത്.