ബാങ്കോക്ക്: തെക്കന്‍ തായ്‌ലന്‍ഡില്‍ തുടരുന്ന കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 18 ആയി. ആയിരത്തോളം ഗ്രാമങ്ങള്‍ ഭാഗികമായി വെള്ളത്തിനടിയിലായതായി അധികൃതര്‍ പറഞ്ഞു. പത്ത് തെക്കന്‍ പ്രവിശ്യകളില്‍ ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയില്‍ പത്തുലക്ഷത്തിധകംപേര്‍ ദുരിതത്തിലായതായി ആഭ്യന്തരമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ചിലയിടങ്ങളില്‍ വീടുകളുടെ മേല്‍ക്കൂരയുടെ ഉയരത്തിനൊപ്പം െവള്ളം പൊങ്ങിയിട്ടുണ്ട്.

മഴയിലും വെള്ളപ്പൊക്കത്തിലും മേഖലയിലെ റോഡുകളും കൃഷിസ്ഥലങ്ങളും വെള്ളത്തിനടിയിലായി. പ്രളയബാധിതപ്രദേശങ്ങളിലെ 1500 സ്‌കൂളുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
രണ്ടുദിവസംകൂടി മഴ തുടരുമെന്ന് തായ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടാകാമെന്നും കേന്ദ്രം മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.

പ്രളയബാധിതപ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനും താത്കാലിക അഭയകേന്ദ്രങ്ങളൊരുക്കാനും ആവശ്യമായ വൈദ്യസഹായം നല്‍കാനും സൈനികരെ വിന്യസിച്ചതായി തായ് സര്‍ക്കാര്‍ അറിയിച്ചു.
കനത്ത മഴയില്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്ന നാഖോന്‍ സി ഥാമ്മാരാത് പ്രവിശ്യയിലെ ഛാ-ഒആത് ജില്ലയില്‍ വീടിനുള്ളില്‍ കുടുങ്ങിയവര്‍ക്ക് സൈന്യം ഹെലികോപ്റ്റര്‍ വഴി ഭക്ഷണസാധനങ്ങള്‍ വിതരണംചെയ്യുന്നുണ്ട്.