ഓക്സ്‌ഫഡ്: ആസ്‌ട്രസെനെക്ക/ഓക്സ്‌ഫഡ് കോവിഡ് വാക്സിന്റെ കുട്ടികളിലെയും കൗമാരക്കാരിലെയും പരീക്ഷണം താത്കാലികമായി നിർത്തിവെച്ചു. വാക്സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. പങ്കാളിയായ ഓക്സ്‌ഫഡ് സർവകലാശാലയാണ് പരീക്ഷണം നിർത്തുന്ന കാര്യം അറിയിച്ചത്.

വാക്സിന്റെ സുരക്ഷ സംബന്ധിച്ച് ബ്രിട്ടനിലെ ആരോഗ്യ നിരീക്ഷകരായ മെഡിസിൻസ് ആൻഡ് ഹെൽത്ത്‌കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസിയുടെ (എം.എച്ച്.ആർ.എ.) പരിശോധനാഫലത്തിനായി കാത്തിരിക്കുന്നതിനാലാണ് തീരുമാനം. കുട്ടികളിലെ പരീക്ഷണങ്ങളിൽ സുരക്ഷാ വെല്ലുവിളികളൊന്നുമില്ലെന്നും സർവകലാശാല പ്രസ്താവനയിൽ അറിയിച്ചു.

രക്തം കട്ടപിടിച്ച സംഭവങ്ങൾക്ക് വാക്സിനുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നാണ് എം.എച്ച്.ആർ.എ. പരിശോധിക്കുക. വാക്സിൻ സ്വീകരിച്ച ഏഴുപേർ രക്തം കട്ടപിടിച്ച് മരിച്ചതായി ബ്രിട്ടനിൽ സ്ഥിരീകരിച്ചിരുന്നു.

Content Highlights: AstraZeneca UK vaccine trial in children paused as clot link probed