ഷാര്‍ജ: ഷാര്‍ജയിലിറങ്ങേണ്ട യാത്രക്കാരന് പാസ്‌പോര്‍ട്ടിന്റെ കവര്‍പേജില്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ തിരിച്ചുപോകേണ്ടിവന്നു. കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശി അരുണ്‍ ബാലചന്ദ്രനാണ് ഷാര്‍ജ വിമാനത്താവളത്തില്‍ 14 മണിക്കൂര്‍ കാത്തിരുന്നശേഷം പുറത്തിറങ്ങാന്‍ സാധിക്കാതെ തിരികെ പോകേണ്ടിവന്നത്.
 
തിങ്കളാഴ്ച രാവിലെ 6.45-നാണ് കോഴിക്കോട്ടുനിന്ന് എയര്‍ അറേബ്യയില്‍ അരുണ്‍ ഷാര്‍ജയിലിറങ്ങിയത്. എമിഗ്രേഷനില്‍ പാസ്‌പോര്‍ട്ട് പരിശോധനയ്ക്കിടെയാണ് കവര്‍പേജ് തകരാറായത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടിലേക്കു തിരിച്ചുപോയി പാസ്‌പോര്‍ട്ട് പുതുക്കിക്കൊണ്ടുവരാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് രാത്രി ഒമ്പതിനുള്ള എയര്‍ അറേബ്യയില്‍ കോഴിക്കോട്ടേക്ക് തിരിച്ചുപോയി.
 
എന്നാല്‍, നാലുദിവസം മുമ്പ് ഇതേ പാസ്‌പോര്‍ട്ടിലാണ് സൗദിയില്‍നിന്ന് നാട്ടില്‍ വന്നതെന്നും അപ്പോള്‍ കേടുപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നും അരുണ്‍ പറഞ്ഞു. ഷാര്‍ജയില്‍ പുതുതായി ലഭിച്ച ജോലിക്കുചേരാന്‍ വരവേയാണ് അരുണിന് ഈ ബുദ്ധിമുട്ട് സംഭവിച്ചത്. നാട്ടിലെത്തി തൊട്ടടുത്ത ദിവസംതന്നെ പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള ശ്രമത്തിലാണ് യുവാവ്.