ബെംഗളൂരു: അല്‍ഖ്വെയ്ദ ബന്ധത്തിന്റെപേരില്‍ ഡല്‍ഹി പോലീസ് അറസ്റ്റുചെയ്ത മദ്രസാധ്യാപകന്‍ ബനശങ്കരിയിലെ മൗലാന അന്‍സര്‍ഷാ ഖാസ്മിയെ നിരീക്ഷിക്കണമെന്ന് അഞ്ചുവര്‍ഷം മുമ്പ് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ നിര്‍ദേശം ബെംഗളൂരു പോലീസ് അവഗണിച്ചതായി ആക്ഷേപം. ഇയാള്‍ക്ക് തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് സംസ്ഥാന ഇന്റലിജന്‍സ് വകുപ്പ് വിവരം നല്‍കിയിരുന്നു. എന്നാല്‍, പോലീസ് പ്രാഥമികാന്വേഷണംപോലും നടത്തിയില്ല. ഈ അഞ്ചുവര്‍ഷത്തിനിടെ അന്‍സാര്‍ ഷാ ഒട്ടേറെ ചെറുപ്പക്കാരെ തീവ്രവാദത്തിന്റെ വഴിയിലേക്ക് തിരിച്ചുവിട്ടതായി അന്വേഷണത്തില്‍ തെളിഞ്ഞു.
 
അഞ്ചുദിവസം മുമ്പാണ് അന്‍സാര്‍ഷായെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തത്. രാജ്യത്ത് പലയിടത്തും ഇയാളുടെ നേതൃത്വത്തില്‍ തീവ്രവാദ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായി പോലീസ് പറയുന്നു. സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം 2010-ല്‍ കലബുര്‍ഗി, വിജപുര, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നുള്ള ചിലരെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍ അന്‍സാര്‍ ഷായും ഉണ്ടായിരുന്നു. ബെംഗളൂരുവിലുള്ള ഇയാളെ കര്‍ശനമായി നിരീക്ഷിക്കണമെന്ന് ഇന്റലിജന്‍സ് വിഭാഗം ബെംഗളൂരു പോലീസിന് നിര്‍ദേശം നല്‍കി. ഒരു ഘട്ടത്തില്‍ ഇയാളെ അറസ്റ്റുചെയ്യാനും ആവശ്യപ്പെട്ടു. ഇക്കാര്യം അറിയിച്ചുകൊണ്ട് മൂന്നുകത്തുകളും സിറ്റി പോലീസ് കമ്മിഷണര്‍ക്ക് അയച്ചിരുന്നു. എന്നാല്‍, സിറ്റിപോലീസ് ഇക്കാര്യം പാടെ അവഗണിച്ചതായി മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 
2007-ല്‍ ഗ്ലാസ്‌ഗോ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിനുശേഷമാണ് അന്‍സാര്‍ ഷാ ഇന്റലിജന്‍സിന്റെ നോട്ടപ്പുള്ളിയായത്. ആക്രമണത്തില്‍ പങ്കാളിയായ ബനശങ്കരി സ്വദേശി ഖഫീല്‍ അഹമ്മദുമായി അന്‍സാര്‍ ഷായ്ക്ക് ബന്ധമുണ്ടായിരുന്നു. ഖഫീലിനെ തീവ്രവാദത്തിന്റ വഴിയിലേക്ക് നയിച്ചത് അന്‍സാര്‍ ഷായാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പ്രസംഗങ്ങളും പോലീസ് അന്വേഷണവിധേയമാക്കിയിരുന്നു.