ബെയ്ജിങ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ക്ക് മങ്ങലേല്പിക്കുമെന്ന് ചൈന. ദലൈലാമയുടെ സന്ദര്‍ശനം ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലും രാജ്യാതിര്‍ത്തിയിലുള്ള സമാധാനത്തിലും പ്രതികൂലമായി ബാധിക്കുമെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ല്യു കാങ് വ്യക്തമാക്കി.

അരുണാചല്‍പ്രദേശിലും രാജ്യത്തിന്റെ നാനാഭാഗത്തും ദലൈലാമയ്ക്ക് സ്വതന്ത്രമായി യാത്രചെയ്യാമെന്ന ഇന്ത്യന്‍ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ചൈന. ചൈനയോട് അതിര്‍ത്തി പങ്കിടുന്ന വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷമാദ്യം ദലൈലാമ സന്ദര്‍ശിക്കുന്നുണ്ട്.

1959 മുതല്‍ ഇന്ത്യയില്‍ അഭയം പ്രാപിച്ച ദലൈലാമ ടിബറ്റിലെ വിഘടനവാദിയാണെന്നാണ് ചൈനയുടെ വാദം. അരുണാചല്‍ പ്രദേശിനെ ദക്ഷിണ ടിബറ്റ് എന്നാണ് ചൈന വിളിക്കുന്നത്. ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡറായ റിച്ചാര്‍ഡ് വര്‍മ അരുണാചലിലെ തവാങ് സന്ദര്‍ശിച്ചതിനെതിരെയും രൂക്ഷ വിമര്‍ശനവുമായി രാജ്യം രംഗത്തെത്തിയിരുന്നു.