കാബൂള്‍: അഫ്ഗാനിസ്താനില്‍ ഐ.എസ്. ഭീകരര്‍ കുട്ടികളുള്‍പ്പടെ 30 സാധാരണ പൗരന്മാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗ്രാമവാസികളുടെ സഹായത്തോടെ സുരക്ഷാസേന പ്രാദേശിക ഐ.എസ്. കമാന്‍ഡറെ വധിച്ചതിനുള്ള പ്രതികാരമാണ് ഘോര്‍ പ്രവിശ്യയിലെ ഫിറോസ് കോയിലെ കൂട്ടക്കുരുതിക്കു കാരണമെന്ന് ഘോര്‍ ഗവര്‍ണര്‍പറഞ്ഞു.

മുന്‍ താലിബാന്‍ പ്രവര്‍ത്തകരാണ് അഫ്ഗാനിസ്താനില്‍ ഐ.എസ്സുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്. താലിബാനു വെല്ലുവിളിയുയര്‍ത്തി കിഴക്കന്‍ മേഖലകളില്‍ ഐ.എസ്. കൂടുതല്‍ അനുയായികളെ റിക്രൂട്ട് ചെയ്യുന്നതായി അഫ്ഗാന്‍ സുരക്ഷാസേന പറയുന്നു.

ദിവസങ്ങള്‍നീണ്ട പോരാട്ടത്തിനൊടുവില്‍ മാര്‍ച്ചില്‍ ഐ.എസ്സിനെ രാജ്യത്തുനിന്ന് തുരത്തിയതായി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പ്രഖ്യാപിച്ചിരുന്നു. ഐ.എസ്. ഭീകരര്‍ക്കെതിരെ നാറ്റോയുമായി ചേര്‍ന്ന് പ്രവിശ്യയില്‍ വ്യോമാക്രമണം നടത്തുന്നുണ്ട്.

ജൂലായില്‍ കാബൂളില്‍ ഐ.എസ്. നടത്തിയ ഇരട്ട സ്‌ഫോടനത്തില്‍ 85-പേര്‍ കൊല്ലപ്പെടുകയും 400 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.