ലണ്ടന്‍: മാന്‍ ബുക്കര്‍ പുരസ്‌കാരം അമേരിക്കന്‍ നോവലിസ്റ്റ് പോള്‍ ബീറ്റിക്ക്. ആദ്യമായാണ് ഒരു അമേരിക്കക്കാരന്‍ ഈ പുരസ്‌കാരത്തിനര്‍ഹനാകുന്നത്. ബിറ്റിയുടെ സ്വദേശമായ ലോസ് ആഞ്ജലിസിന്റെ പശ്ചാത്തലത്തിലെഴുതിയ 'ദ സെല്‍ഔട്ട്' എന്ന നോവലാണ് പുരസ്‌കാരത്തിനര്‍ഹമായത്.

ലണ്ടനിലെ ഗൈഡ്ഹാളില്‍ നടന്ന ചടങ്ങില്‍ ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സിന്റെ ഭാര്യ കാമില പാര്‍ക്കര്‍, ബീറ്റിക്ക് പുരസ്‌കാരം നല്‍കി. ബീറ്റിയുടെ നാലാമത്തെ നോവലാണ് സെല്‍ഔട്ട്. നാഷണല്‍ ബുക്ക് ക്രിട്ടിക്‌സ് സര്‍ക്കിള്‍ പുരസ്‌കാരവും നോവലിന് ലഭിച്ചിരുന്നു.

ബൊണ്‍ബൊണ്‍ എന്ന ആഫ്രോ-അമേരിക്കക്കാരന്റെ സാങ്കല്പികജീവിതവും അമേരിക്കയിലെ വംശീയ പ്രശ്‌നങ്ങളുമാണ് 'സെല്‍ഔട്ടി'ല്‍ പ്രതിപാദിച്ചിരിക്കുന്നത്. ആക്ഷേപഹാസ്യത്തിന്റെ സഹായത്തോടെ വംശീയസമത്വം ചൂണ്ടിക്കാണിക്കുന്ന രസകരമായ വരച്ചുകാട്ടലാണ് നോവലെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. നോവലിനെ വംശീയത എന്ന ഘടകത്തിലൂടെ മാത്രമായി കാണാതെ ഒരു സാഹിത്യകൃതിയായി കാണണമെന്ന് ബീറ്റി പറഞ്ഞു.

1969-ല്‍ നല്‍കിത്തുടങ്ങിയ ബുക്കര്‍പുരസ്‌കാരത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് അല്ലാത്ത രാജ്യങ്ങളെ ഒഴിവാക്കിയിരുന്നു. 2013-ലാണ് ആ തീരുമാനത്തിന് മാറ്റംവന്നത്. മെഡലിന്‍ തീന്‍, ഗ്രെയിം മാക്രെ ബര്‍ണറ്റ്, ഡെബൊറ ലെവി, ഡേവിഡ് സലായ്, ഒട്ടേസ മൊഷ്‌ഫെഗ് എന്നിവരാണ് അന്തിമപട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന മറ്റുള്ളവര്‍. 52,500 യൂറോയാണ് (39 ലക്ഷത്തോളം ഇന്ത്യന്‍രൂപ) സമ്മാനത്തുക.