പോര്‍ട്ട്-ഓ-പ്രിന്‍സ്: ഹെയ്തി ജയിലില്‍ തടവുകാരുടെ സായുധകലാപത്തില്‍ ഒരു സുരക്ഷാഭടന്‍ കൊല്ലപ്പെട്ടു. പോലീസുകാരുടെ ആയുധങ്ങളോടെ 172 പേര്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കുണ്ട്.

തട്ടിക്കൊണ്ടുപോകലിന് ശിക്ഷ അനുഭവിക്കുകയായിരുന്ന എവനെര്‍ കരേലസാണ് കലാപത്തിന്റെ സൂത്രധാരനെന്ന് അര്‍ക്കയീ ജയില്‍ മാനേജര്‍ ഹ്യൂര്‍ത്തലോ പോള്‍ കോള്‍സണ്‍ പറഞ്ഞു. ഇയാളെ അറസ്റ്റുചെയ്തിട്ടുണ്ട്.

സംഭവത്തെത്തുടര്‍ന്ന് രാജ്യമെങ്ങുമുള്ള ജയിലുകളിലെ സുരക്ഷ ശക്തമാക്കി. മോഷണം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്ന് കടത്തല്‍ തുടങ്ങിയ കേസുകളിലുള്‍പ്പെട്ട പലരും അര്‍ക്കയീ ജയിലിലുണ്ടായിരുന്നു.