മോസ്‌കോ: സിറിയയിലെ അലെപ്പോയില്‍ 48 മണിക്കൂര്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്നും എന്നാല്‍ ഒരാഴ്ചക്കാലത്തേക്ക് നീട്ടാനാവില്ലെന്നും റഷ്യ വ്യക്തമാക്കി. ജനങ്ങള്‍ക്ക് ദുരിതാശ്വാസസഹായം ലഭ്യമാക്കാനാണ് വെടിനിര്‍ത്തലെന്ന് റഷ്യന്‍ വിദേശകാര്യ ഉപമന്ത്രി സെര്‍ജി റിയാബ്‌കോവ് പറഞ്ഞു. സിറിയയിലെ അമേരിക്കന്‍ നടപടികള്‍ കാരണമാണ് വെടിനിര്‍ത്തല്‍ ഹ്രസ്വകാലമാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഒരാഴ്ച വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ ഭീകരര്‍ക്ക് ഒത്തുകൂടാനും കൂടുതല്‍ ശക്തമായി തിരിച്ചടിക്കാനും സാധിക്കും. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യ-അമേരിക്ക സഹകരണം ആവശ്യമാണ് -റിയാബ്‌കോവ് പറഞ്ഞു.
അലെപ്പൊയിലെ റഷ്യന്‍ ആക്രമണങ്ങള്‍ ഉഭയകക്ഷിസഹകരണത്തിനും ഇസ്ലാമിക് സ്റ്റേറ്റിനെതിരായ സംയുക്ത സൈനികനീക്കങ്ങള്‍ക്കും തടസ്സമാണെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി മുന്നറിയിപ്പ് നല്‍കി.