വാഷിങ്ടണ്‍: ഇന്ത്യന്‍കമ്പനികള്‍ അമേരിക്കയിലേക്ക് എച്ച്-വണ്‍ ബി, എല്‍-വണ്‍ വിസകളില്‍ ഐ.ടി. ജീവനക്കാരെ കൊണ്ടുവരുന്നത് നിയന്ത്രിക്കുന്ന ബില്‍ യു.എസ്. ജനപ്രതിനിധിസഭയിലവതരിപ്പിച്ചു.
'2016-ലെ എച്ച്-വണ്‍ ബി, എല്‍-വണ്‍ വിസപരിഷ്‌കരണനിയമം' എന്ന ബില്‍ യു.എസ്. കോണ്‍ഗ്രസ് അംഗീകരിച്ചാല്‍ ഇന്ത്യയില്‍ നിന്നുള്ള ഐ.ടി. വിദഗ്ധരുടെ യു.എസ്സിലെ ജോലിസാധ്യതയെ ഗുരുതരമായി ബാധിക്കും.
 
ഇന്‍ഫോസിസ്, ടി.സി.എസ്. അടക്കമുള്ള ഐ.ടി.കമ്പനികളുടെ വരുമാനത്തിലും കാര്യമായ ഇടിവുണ്ടാകും. വിദേശപ്രൊഫഷണലുകളെ യു.എസ്സില്‍ കൊണ്ടുവന്ന് ജോലിചെയ്യാനാണ് കമ്പനികള്‍ക്ക് എച്ച്-വണ്‍ ബി വിസ അനുവദിക്കുന്നത്. ചുരുങ്ങിയകാലത്തേക്ക് റിക്രൂട്ട് ചെയ്യുന്ന (മൂന്നുമാസം മുതല്‍ അഞ്ചുവര്‍ഷം വരെ) ജീവനക്കാര്‍ക്കായാണ് എല്‍-വണ്‍ വിസ അനുവദിക്കുന്നത്.

ന്യൂജെഴ്‌സിയില്‍നിന്നുള്ള ഡെമോക്രാറ്റിക് അംഗം ബില്‍ പാസ്‌കറെല്‍, കാലിഫോര്‍ണിയയില്‍നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗം ഡാന റോരാബച്ചര്‍ എന്നിവര്‍ചേര്‍ന്നാണ് ബില്‍ കൊണ്ടുവന്നത്. 50 ജീവനക്കാരില്‍കൂടുതലുള്ള കമ്പനികളില്‍ നിലവില്‍ പകുതിയിലേറെ ജീവനക്കാര്‍ എച്ച്-വണ്‍ ബി, എല്‍-വണ്‍ വിസകളില്‍ വന്നവരാണെങ്കില്‍ അത്തരം കമ്പനികള്‍ക്ക് കൂടുതല്‍പേരെ ഈ വിസകളില്‍ കൊണ്ടുവരാന്‍ അനുവാദമുണ്ടാകില്ല. തദ്ദേശീയരായ അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍നഷ്ടപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

2010-ലും ഇരുവരുംചേര്‍ന്ന് സമാനമായ ബില്‍ കൊണ്ടുവന്നെങ്കിലും അന്നത് പാസായില്ല. ജനപ്രതിനിധിസഭ അംഗീകരിച്ചാലും സെനറ്റും പ്രസിഡന്റും അംഗീകരിച്ചാലേ നിയമമാവൂ. തദ്ദേശീയര്‍ക്ക് നല്‍കുന്നതില്‍കുറഞ്ഞ ശമ്പളത്തിനാണ് എച്ച്-വണ്‍ ബി, എല്‍-വണ്‍ വിസകളില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് വിദേശികളെ ജോലിക്കെടുക്കുന്നത്. ഇപ്പോഴത്തെ നിയമത്തിന്റെ പഴുതുകളടയ്ക്കുന്നതും നിലവില്‍ കമ്പനികള്‍ നടത്തുന്ന തട്ടിപ്പും ചൂഷണവും തടയുന്നതുമാണ് പുതിയ ബില്ലെന്ന് ബില്‍ പാസ്‌കറെല്‍ പറഞ്ഞു.