അങ്കാറ/റിയാദ്: തെക്ക്-പടിഞ്ഞാറന്‍ യെമനിലെ എണ്ണ നഗരമായ മുക്കല്ല അല്‍ഖ്വെയ്ദയില്‍ നിന്ന് യെമന്‍ സൈന്യം തിരിച്ചുപിടിച്ചു. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ പിന്തുണയോടെ നടത്തിയ ഏറ്റുമുട്ടലില്‍ എണ്ണൂറോളം അല്‍ഖ്വെയ്ദ ഭീകരര്‍ കൊല്ലപ്പെട്ടതായി സഖ്യകക്ഷി വക്താവ് പറഞ്ഞു.

കഴിഞ്ഞവര്‍ഷമാണ് നഗരം അല്‍ഖ്വെയ്ദ കീഴടക്കിയത്. ഏറ്റുമുട്ടലില്‍ അല്‍ഖ്വെയ്ദയുടെ പ്രധാന നേതാക്കളും കൊല്ലപ്പെട്ടു. കഴിഞ്ഞ മാര്‍ച്ചിലാണ് യെമനില്‍ വിമതര്‍ക്കും അല്‍-ഖ്വെയ്ദയ്ക്കുമെതിരെ സൗദിയുടെ നേതൃത്വത്തില്‍ പോരാട്ടം ആരംഭിച്ചത്.

അതിനിടെ ഈവര്‍ഷം ഇതുവരെ 900 ഐ.എസ്. ഭീകരരെ വധിച്ചതായി തുര്‍ക്കി സൈനികവക്താവ് അവകാശപ്പെട്ടു. കര-വ്യോമാക്രമണത്തിലൂടെയാണ് നാല് മാസത്തിനിടെ ഇത്രയും ഭീകരരെ വധിച്ചത്.

492 ഐ.എസ്സുകാരെ കരയുദ്ധത്തിലൂടെയും 370 പേരെ വ്യോമാക്രമണത്തിലൂടെയുമാണ് കൊന്നതെന്ന് സൈന്യം അവകാശപ്പെട്ടു. സംഘടനയുടെ വന്‍ ആയുധശേഖരവും നശിപ്പിച്ചു.