ജനീവ: 2050 ആകുമ്പോഴക്കും കടലില്‍ മീനുകളെക്കാള്‍ പ്‌ളാസ്റ്റിക്കിന്റെ അവശിഷ്ടങ്ങളായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ലോക സാമ്പത്തികഫോറം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ഈ മുന്നറിയിപ്പു നല്‍കുന്നത്.
മനുഷ്യന്‍ ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക്കിന്റെ 32 ശതമാനവും സംസ്‌കരണപ്രക്രിയക്കു വിധേയമാകാതെ പ്രകൃതിയിലേക്കുപേക്ഷിക്കപ്പെടുകയാണ്. ഇവയില്‍ വലിയൊരുഭാഗം അവസാനമെത്തിപ്പെടുന്നത് സമുദ്രങ്ങളിലാണ്.
ഇത്തരത്തില്‍ 80ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് ഒരോ വര്‍ഷവും കടലിലെത്തുന്നത്. ഇതേരീതിയില്‍ പ്‌ളാസ്റ്റിക് പ്രകൃതിയിലേക്കു നിക്ഷേപിക്കുന്നതു തുടര്‍ന്നാല്‍ 2050 ആകുന്‌പോഴക്കും കടലില്‍ മീനുകളെക്കാള്‍ പ്ലാസ്റ്റിക്കായിരിക്കുമുണ്ടാവുകയെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.
ഒറ്റ ഉപയോഗത്തിനുശേഷം ഉപേക്ഷിക്കുന്ന പ്‌ളാസ്റ്റിക്കുകളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശ്‌നക്കാരന്‍. ഇത്തരം പ്‌ളാസ്റ്റിക്കുകള്‍ പുനരുപയോഗിക്കാന്‍ ഫലപ്രദമായ സംവിധാനമില്ലാത്തതും സ്ഥിതി ഗുരുതരമാക്കുന്നു. 50 വര്‍ഷത്തിനിടെ പ്ലാസ്റ്റിക് ഉപയോഗം 20 മടങ്ങാണു വര്‍ധിച്ചത്.
കടലില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മത്സ്യസമ്പത്തിന് ഗുരുതരമായ ഭീഷണിയാണുയര്‍ത്തുന്നതെന്നും ഭരണകൂടങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ട സമയം അതിക്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എലന്‍ മാക് ആര്‍തര്‍ ഫൗണ്ടേഷനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.