വാഷിങ്ടൺ: യോഗ്യത അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനം നടപ്പാക്കുന്നതിന്റെ പണിപ്പുരയിലാണ്‌ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥർ. രേഖകളില്ലാതെ അമേരിക്കയിലെത്തിയവരുടെ കുട്ടികൾക്ക് സംരക്ഷണം നൽകാനുള്ള ഡാക (ഡെഫേർഡ് ആക്‌ഷൻ ഫോർ ചൈൽഡ്‌വുഡ് അറൈവൽസ്) പദ്ധതിയിലുൾപ്പെട്ടവർക്ക് പൗരത്വത്തിലേക്കുള്ള വഴിയാകും പുതിയ ഉത്തരവെന്ന് സ്പാനിഷ് മാധ്യമമായ ടെലിമുണ്ടോയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു.

“വലുതും മികച്ചതുമായ ബില്ലാണ് വരാനിരിക്കുന്നത്. യോഗ്യത അടിസ്ഥാനമാക്കിയുള്ള ബില്ലിൽ ഡാകയും ഉൾപ്പെടും. എല്ലാവർക്കും സന്തോഷംനൽകുന്ന ബിൽ പൗരത്വം നേടാനുള്ള വഴിയാണ്” -ട്രംപ് പറഞ്ഞു. 2012-ൽ ഒബാമ ഭരണകൂടം ആരംഭിച്ച ഡാക പദ്ധതി നിർത്തലാക്കാൻ ട്രംപ് ശ്രമിച്ചെങ്കിലും നിലനിർത്തണമെന്ന് സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു. ‌

അതിർത്തിസുരക്ഷയും യോഗ്യത അടിസ്ഥാനമാക്കിയുള്ള കുടിയേറ്റ സംവിധാനങ്ങളും ഉറപ്പുവരുത്തി, ഡാക പദ്ധതിയിൽ നിയമനിർമാണത്തിലൂടെയുള്ള ന്യൂനതാപരിഹാരത്തിന് കോൺഗ്രസിൽ ചർച്ചനടത്താൻ ട്രംപ് സന്നദ്ധമാണ്. എന്നാൽ, അതിർത്തികൾ പൂർണമായും തുറന്നിടുന്നതൊഴികെ എല്ലാത്തിനെയും എതിർക്കുന്ന ഡെമോക്രാറ്റുകൾ ചർച്ചകൾക്കുള്ള ക്ഷണം നിരസിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി.