ഹൂസ്റ്റൺ: ജോർജ് ഫ്ലോയ്ഡ് മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുന്നവരോട് ഗവർണർമാർ മൃദുസമീപനം പുലർത്തുന്നെന്ന് വിമർശിച്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ ഹൂസ്റ്റൺ പോലീസ് മേധാവി. ക്രിയാത്മകമായി എന്തെങ്കിലും പറയാനില്ലെങ്കിൽ പ്രസിഡന്റ് വായടച്ചിരിക്കണമെന്ന് പോലീസ് മേധാവി ആർട്ട് അസിവെഡോ പറഞ്ഞു.
‘കൊള്ളയാരംഭിക്കുമ്പോൾ വെടിവെപ്പും തുടങ്ങണം’ എന്ന ട്രംപിന്റെ നിർദേശത്തോടുള്ള പ്രതികരിക്കുകയായിരുന്നു അസിവെഡോ.
“ഈ രാജ്യത്തെ ഒരു പോലീസ് മേധാവിയെന്ന നിലയിൽ ഒരു കാര്യം യു.എസ്. പ്രസിഡന്റിനോടു പറയട്ടെ, ക്രിയാത്മകമായി നിങ്ങൾക്കൊന്നും പറയാനില്ലെങ്കിൽ ദയവായി മിണ്ടാതിരിക്കണം” -യു.എസ്. മാധ്യമമായ സി.എൻ.എന്നിനോടു സംസാരിക്കവേ അസിവെഡോ പറഞ്ഞു.
പ്രതിഷേധക്കാർക്കെതിരേ കർക്കശ നിലപാടെടുക്കണമെന്നും അവരെ അറസ്റ്റുചെയ്യണമെന്നും തിങ്കളാഴ്ച നടത്തിയ വീഡിയോ കോൺഫറൻസിൽ ഗവർണർമാരോട് ആവശ്യപ്പെട്ട ട്രംപ്, അതു ചെയ്യാത്തവർ വകയ്ക്കു കൊള്ളാത്തവരാണെന്നും വിമർശിച്ചിരുന്നു.