ഷാർജ: സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് സിനിമ ‘മാമാങ്ക’ ത്തിന്റെ പ്രൊമോഷൻ വീഡിയോ പ്രകാശനം ആരാധകരുടെ ആരവത്തോടെ ഷാർജ എക്സ്‌പോ സെന്ററിൽ നടന്നു.
ചിത്രത്തിലെ നായകൻ മമ്മൂട്ടി ഉൾപ്പെടെയുള്ള പ്രമുഖതാരങ്ങൾ അണിനിരന്ന ചടങ്ങ് ‘മാമാങ്കം വിത്ത് മമ്മൂട്ടി’ എന്ന പേരിലായിരുന്നു. ചെണ്ടമേളവും പാട്ടും നൃത്തവുമെല്ലാമായി ഉത്സവച്ഛായയുള്ള അന്തരീക്ഷത്തിലായിരുന്നു ചടങ്ങ്. ക്ഷണിക്കപ്പെട്ട അതിഥികളായി എത്തിയ വൻ ജനാവലി ചടങ്ങിന് സാക്ഷികളായി. പ്രവാസി മലയാളിയായ വേണു കുന്നപ്പള്ളി കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ ഒരുക്കിയ ചിത്രത്തിന്റെ വീഡിയോ മമ്മൂട്ടിതന്നെയാണ് പ്രകാശനം ചെയ്തത്. സിനിമയുടെ ഗൾഫിലെ വിതരണക്കാരായ ഫാർസ് ഫിലിംസ് ഡയറക്ടർ ഗുൽഷൻ, വേണു കുന്നപ്പള്ളി എന്നിവരും ചേർന്നു.
മാമാങ്കം ചരിത്രസിനിമയാണെന്നും ജയിച്ചവരെക്കുറിച്ചുള്ള കഥകൾ മാത്രമേ പൊതുവേ വാഴ്ത്തിപ്പാടാറുള്ളൂവെന്നും മമ്മൂട്ടി പറഞ്ഞു. മാമാങ്കം പൊരുതിത്തോറ്റവരുടെ കഥയാണ്. തോൽക്കുമെന്നറിഞ്ഞിട്ടും യുദ്ധത്തിനിറങ്ങിയ ധീരന്മാരുടെ കഥയാണ്. ആഘോഷിക്കപ്പെടാതെ പോയ നായകരെപ്പറ്റിയുള്ള സിനിമ മലയാളികൾമാത്രം കണ്ടാൽപോരാ, ഇന്ത്യക്കാർ മുഴുവൻ കാണണം. ഇതുപോലെ പത്തോ ഇരുപതോ സിനിമകൾ ചെയ്യാനുള്ള ഏടുകൾ മാമാങ്കത്തിന്റെ ചരിത്രത്തിലുണ്ട്. ആ ചരിത്രം കോറിവെക്കാൻ ഇന്നത്തെ തലമുറയ്ക്ക് ഉത്തരവാദിത്വമുണ്ട്. നിർമാതാവിന്റെ സത്യസന്ധമായ സമീപനം മാമാങ്കത്തിന് വലിയ പ്രചോദനമായെന്നും ആരവങ്ങൾക്കിടെ മമ്മൂട്ടി പറഞ്ഞു.
വിവിധ ഭാഷകളിലായി ഇത്തരമൊരു ചരിത്രസിനിമ ചെയ്യാൻ ഇന്ത്യൻ സിനിമയിൽത്തന്നെ മമ്മൂട്ടി മാത്രമേയുള്ളൂവെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. തന്റെ ആദ്യ മലയാളസിനിമയുടെ ട്രെയിലറും പാട്ടുകളും ജനം സ്വീകരിച്ചതിലെ ആഹ്ലാദം നടി പ്രാചി ടെഹ്ളാനെ വികാരാധീനയാക്കി. ഇത്തരമൊരു ചരിത്രസിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നെന്ന് പറയുമ്പോൾ പ്രാചി സന്തോഷംകൊണ്ട് വിതുമ്പി. ദേവദാസി ചരിത്രംപഠിച്ചാണ് സിനിമയ്ക്കുവേണ്ടി മാനസികമായി തയ്യാറെടുത്തതെന്ന് ഇനിയ പറഞ്ഞു. മമ്മൂട്ടിയുടെയും നിർമാതാവ് വേണു കുന്നപ്പിള്ളിയുടെയും ഇച്ഛാശക്തിയാണ് ഈ സിനിമയെന്നും ചരിത്രത്തോട് നൂറുശതമാനം നീതി പുലർത്തുന്നതാണെന്നും പത്മകുമാർ പറഞ്ഞു. 55 കോടിയാണ് നിർമാണച്ചെലവ്. ഈ സിനിമ വിജയിക്കേണ്ടത് മലയാള സിനിമാവ്യവസായത്തിന്റെകൂടി ആവശ്യമാണെന്നും പത്മകുമാർ പറഞ്ഞു.
മലയാളത്തിലെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം നിർമിച്ചതെന്നും വരാനിരിക്കുന്ന നിർമാതാക്കൾക്ക് ഇത് ആത്മവിശ്വാസം പകരുമെന്നും തിരക്കഥാകൃത്ത് ശങ്കർ രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. രണ്ടരവർഷം നീണ്ട ചിത്രീകരണകാലത്തെ പ്രതിസന്ധികൾ തുറന്നുപറഞ്ഞ നിർമാതാവ് വേണു കുന്നപ്പിള്ളി മാമാങ്കം തന്റെ സ്വപ്നമാണെന്നാണ് വിശേഷിപ്പിച്ചത്. നാല് ഭാഷകളിലായി 48 രാജ്യങ്ങളിൽ മാമാങ്കം ഡിസംബർ 12-ന് റിലീസ് ചെയ്യുമെന്നും വേണു പറഞ്ഞു.
മാമാങ്കത്തിലെ ചില ഗാനങ്ങൾ എഴുതിയ പിന്നണിഗായകൻ അജയ് ഗോപാൽ രണ്ട് പാട്ടുകൾ പാടി. ക്ലബ്ബ് എഫ്.എം.99.6 ആർ.ജെ.മാരായ അമൻ, ശ്രുതി എന്നിവരായിരുന്നു അവതാരകർ.