അബുദാബി: ഇന്ത്യയുടെ സ്വന്തം റൂപേ കാർഡ് ഗൾഫ് രാജ്യങ്ങളിൽ പ്രാബല്യത്തിൽ വരുത്തുന്നതിന്റെ ഉദ്ഘാടനം ശനിയാഴ്ച കാലത്ത് അബുദാബിയിൽ നടന്നു. രണ്ടുദിവസത്തെ ഔദ്യോഗിക പരിപാടികൾക്കായി യു.എ.ഇ. യിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് റൂപേ കാർഡിന്റെ പ്രഖ്യാപനം നിർവഹിച്ചത്.
സിങ്കപ്പൂരിനും ഭൂട്ടാനും ശേഷം റൂപേ കാർഡ് ഉപയോഗിക്കുന്ന മൂന്നാമത്തെ വിദേശരാജ്യമാണ് യു.എ.ഇ. ഞായറാഴ്ച ബഹ്‌റൈനിലും റൂപേ കാർഡിന്റെ ഉദ്ഘാടനം നടക്കുന്നുണ്ട്. അബുദാബി എമിറേറ്റ്‌സ് പാലസ് ഹോട്ടലിൽ ബിസിനസ് പ്രമുഖർ പങ്കെടുത്ത ബിസിനസ് മീറ്റിലായിരുന്നു പ്രഖ്യാപനം. സ്വന്തം റൂപേ കാർഡ് ഉപയോഗിച്ച് മധുരപലഹാരം വാങ്ങി പ്രധാനമന്ത്രി യു.എ.ഇ.യിലെ ആദ്യ ഉപയോഗവും നിർവഹിച്ചു. എമിറേറ്റ്‌സ് പാലസിൽ ഒരുക്കിയ പ്രത്യേക കൗണ്ടറിലായിരുന്നു മോദി റൂപേ കാർഡ് ഉപയോഗിച്ച് മധുരം വാങ്ങിയത്.
ഇന്ത്യൻരൂപയിൽത്തന്നെ വിദേശരാജ്യങ്ങളിൽ വിനിമയം നടത്താനാവുന്ന വിധത്തിലാണ് റൂപേ കാർഡ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി അറിയിച്ചു. കറൻസിരഹിതവിനിമയം പ്രോത്‌സാഹിപ്പിക്കാനും ഇത് ഉപകരിക്കും. യു.എ.ഇ. യിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി റൂപേ കാർഡ് പരിചയപ്പെടുത്തി.
യു.എ.ഇ. യിലെ 21 പ്രമുഖസ്ഥാപനങ്ങൾ അടുത്ത ആഴ്ച മുതൽ റൂപേ കാർഡുകൾ സ്വീകരിക്കും. യു.എ.ഇ. ബാങ്കുകളായ എമിറേറ്റ്‌സ് എൻ.ബി.ഡി., ഫസ്റ്റ് അബുദാബി ബാങ്ക്, ഇന്ത്യയുടെ ബാങ്ക് ഓഫ് ബറോഡ എന്നിവവഴി റൂപേ കാർഡുകൾ അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യുമെന്ന് അംബാസഡർ അറിയിച്ചു. ഇതുസംബന്ധിച്ച ധാരണാപത്രവും കൈമാറി. ലുലു ഗ്രൂപ്പ്, ബി.ആർ.എസ്. വെഞ്ചേഴ്സ്, ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ, ദുബായ് മാൾ, നികായ്, ലാൻഡ് മാർക്ക് ഗ്രൂപ്പ്, വി.പി.എസ്. ഹെൽത്ത് കെയർ, അപ്പാരൽ, ഡി.പി. വേൾഡ്, ശോഭാ ലിമിറ്റഡ്, ഐ.ടി.എൽ. കോസ്‌മോസ്, അല്ലാന, പെട്രോകെം മിഡിൽ ഈസ്റ്റ്, യു.പി.എൽ ഗ്രൂപ്പ്, കോണാറസ്, ട്രാൻസ് വേൾഡ് ഗ്രൂപ്പ്, അൽ ഡൊബോവി, ജഷൻമാൾ, അൽമയാ ഗ്രൂപ്പ്, ഒബറോയ്, ടാജ്, റീഗൽ തുടങ്ങിയ ബിസിനസ് സ്ഥാപനങ്ങൾ റൂപേ കാർഡുകൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഒരുവർഷം മുപ്പത് ലക്ഷം ഇന്ത്യൻ സന്ദർശകർ യു.എ.ഇ.യിലെത്തുന്നുണ്ടെന്നാണ് കണക്ക്. ഇന്ത്യയുടെ നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ യു.എ.ഇ.യുടെ മെർക്കുറി പെയ്‌മെന്റ്‌സ് സർവീസുമായി ചേർന്നാണ് റൂപേ കാർഡിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. യു.എ.ഇ. യിലെ അയ്യായിരം എ.ടി.എമ്മുകളിലും 1.75 ലക്ഷം ഔട്‌ലെറ്റുകളിലും റൂപേ കാർഡ് ഉപയോഗിക്കാനാവുന്ന വിധത്തിലാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ മെർക്കുറി പെയ്‌മെന്റ് സർവീസ് എൽ.എൽ.സി.യുടെ ചെയർമാൻ സിമോൺ ഹസ്‌ലം നാഷണൽ പെയ്‌മെന്റ് കോർപ്പറേഷൻ ചീഫ് ഡിജിറ്റൽ ഓഫീസർ ആരിഫ് ഖാൻ എന്നിവർ റൂപേ കാർഡിന്റെ ധാരണാപത്രം കൈമാറി.