കാബൂൾ: അഫ്ഗാനിസ്താനിൽ യു.എസിന്റെ നേതൃത്വത്തിൽ നടക്കുന്ന സമാധാനപ്രക്രിയകളുമായി കശ്മീർ വിഷയത്തെ ബന്ധിപ്പിക്കാൻ പാകിസ്താൻ നടത്തുന്ന ശ്രമങ്ങൾക്കെതിരേ അഫ്ഗാനിസ്താൻ. പാക് നടപടി വീണ്ടുവിചാരമില്ലാത്തതും നിരുത്തരവാദപരവുമാണെന്ന് യു.എസിലെ അഫ്ഗാൻ സ്ഥാനപതി റോയ റഹ്‍മാനി പറഞ്ഞു.
അഫ്ഗാൻ അതിർത്തിയിൽനിന്നും സൈനികരെ കശ്മീർ അതിർത്തിയിലേക്ക് പുനർവിന്യസിക്കുമെന്ന് യു.എസിലെ പാക് സ്ഥാനപതി ആസാദ് മജീദ് ഖാൻ യു.എസ്. പത്രമായ ന്യൂയോർക്ക് ടൈംസിനുനൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് യു.എസും താലിബാനുമായി നടത്തിവരുന്ന അഫ്ഗാൻ സമാധാനചർച്ചകളെ സങ്കീർണമാക്കുമെന്നും റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. മജീദ് ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് റോയ റഹ്മാനി പാകിസ്താനുനേരെ വിമർശനമുന്നയിച്ചത്.
പാക് സ്ഥാനപതിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണ്. കശ്മീരിലെ സാഹചര്യത്തെ അഫ്ഗാൻ സമാധാനപ്രക്രിയയുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത് നിരുത്തരവാദപരമാണ്. മജീദ് ഖാന്റെ പ്രസ്താവനയെ അഫ്ഗാൻ ഭരണകൂടം തള്ളുന്നു. കശ്മീർ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷിപ്രശ്നമാണ്. അഫ്ഗാനെ കശ്മീരുമായി മനഃപൂർവം കൂട്ടിക്കുഴയ്ക്കുന്നത് അഫ്ഗാൻമണ്ണിൽ സംഘർഷം നീട്ടിക്കൊണ്ടുപോകാനുള്ള പാക് ശ്രമത്തിന്റെ ഭാഗമാണ്. താലിബാനെതിരേ ശക്തമായ നിലപാടെടുക്കാനുള്ള കഴിവില്ലായ്മയെ ന്യായീകരിക്കാൻ പാകിസ്താനുയർത്തുന്ന വിലകുറഞ്ഞ ന്യായീകരണങ്ങളാണിത്. അഫ്ഗാനിൽനിന്ന് പാകിസ്താന് ഒരുഭീഷണിയുമില്ല. പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്താൻ പതിനായിരക്കണക്കിന് സൈനികരെ വിന്യസിക്കുന്നതിന് ന്യായമായ കാരണങ്ങളുമില്ല.
അതേസമയം, പാകിസ്താൻ ആസ്ഥാനമായിപ്രവർത്തിക്കുന്ന തീവ്രവാദ-ഭീകരസംഘടനകൾ അഫ്ഗാന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുകയാണുതാനും. പാക് സർക്കാരിന്റെ നിയന്ത്രണത്തിലുള്ളയിടങ്ങളിൽ ഈ സംഘടനകൾ പരസ്യമായാണ് പ്രവർത്തിക്കുന്നതെന്നും റോയ റഹ്‍മാനി പറഞ്ഞു.