സിങ്കപ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിങ്കപ്പൂരിലെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐ.എന്‍.എ.) സ്മാരകം സന്ദര്‍ശിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന് അദ്ദേഹം ആദരമര്‍പ്പിച്ചു. ഐ.എന്‍.എ.യിലെ 'അറിയപ്പെടാത്ത പോരാളി'യുടെ ഓര്‍മയ്ക്കായി നേതാജി 1945-ല്‍ ഉദ്ഘാടനം ചെയ്ത സ്മാരകമാണിത്.

മൂന്നുദിവസത്തെ സിങ്കപ്പൂര്‍, മലേഷ്യ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് രാഹുല്‍ വ്യാഴാഴ്ച ഇവിടെയെത്തിയത്. സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ സീന്‍ ലൂങ്, മലേഷ്യ പ്രധാനമന്ത്രി നജീബ് റസാക്ക് എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തും. ഇരുരാജ്യങ്ങളിലെയും ഇന്ത്യന്‍ സമൂഹത്തെയും ബിസിനസ് രംഗത്തെ പ്രമുഖരെയും അദ്ദേഹം കാണും.

സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ലീ ക്വാന്‍ യു സ്‌കൂള്‍ ഓഫ് പബ്ലിക് പോളിസിയില്‍ അദ്ദേഹം പ്രഭാഷണം നടത്തും.