യാങ്കോണ്‍: തീവ്രവാദികളെന്ന് സംശയിച്ച് 10 റോഹിംഗ്യന്‍ വംശജരെ വധിച്ചെന്ന് സൈന്യം സമ്മതിച്ചത് ശുഭസൂചനയാണെന്ന് മ്യാന്‍മാര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സ്യൂചി. സൈനികരുടെ പ്രവൃത്തികളുടെ ഉത്തരവാദിത്വം സൈനികനേതൃത്വം ഏറ്റെടുക്കുന്നത് നല്ല സൂചനയാണ് നല്‍കുന്നതെന്ന് സ്യൂചി പറഞ്ഞു.

സെപ്റ്റംബര്‍ രണ്ടിന് വടക്കന്‍ റാഖിനില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന 10 റോഹിംഗ്യകളെ സൈനികരും ഗ്രാമീണരായ ബുദ്ധമതക്കാരും ചേര്‍ന്ന് വധിച്ചെന്നും പ്രതികളായ നാല് സൈനികര്‍ക്കെതിരേ നടപടിയെടുക്കുമെന്നും മ്യാന്‍മാര്‍ സൈന്യം ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു.

റോഹിംഗ്യകളെ വധിച്ച സംഭവം അന്വേഷിച്ച് നടപടിയെടുക്കുമെന്ന് സ്യൂചി പറഞ്ഞു. ജപ്പാന്‍ വിദേശകാര്യമന്ത്രി താരോ കോനോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് സ്യൂചിയുടെ പ്രതികരണം.

മ്യാന്‍മാറിനെ സംബന്ധിച്ച് ഇതൊരു പുതിയ ചുവടുവെപ്പാണ്. ഒരു രാജ്യത്ത് നടപ്പാക്കുന്ന നിയമത്തിന്റെ ഉത്തരവാദിത്വം ആ രാജ്യംതന്നെ ഏറ്റെടുക്കേണ്ടത് ആവശ്യമാണ്. അത്തരത്തിലുള്ള നീക്കത്തിന്റെ ആദ്യപടിയായാണ് സൈന്യത്തിന്റെ നടപടിയെ കണക്കാക്കുന്നതെന്നും സ്യൂചി വ്യക്തമാക്കി.