ന്യൂയോര്‍ക്ക്: ഉപയോക്താക്കളുടെ അനുവാദം കൂടാതെ ഫോണിന്റെ വേഗം കുറച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ആപ്പിള്‍. ഐഫോണ്‍ സിക്‌സ്, സിക്‌സ് എസ്, സെവന്‍, എസ്.ഇ. എന്നീ മോഡലുകളില്‍, ബാറ്ററി പഴകുമ്പോള്‍ ഫോണിന്റെ വേഗം കുറയ്ക്കാറുണ്ടെന്ന് കമ്പനി സമ്മതിച്ചിരുന്നു.

അപ്രതീക്ഷിതമായി ഫോണ്‍ ഓഫാകുന്നത് തടയാനായിരുന്നു ഈയൊരു നിയന്ത്രണം. ആപ്പിളിനെതിരേ നിയമ നടപടിയുമായി ഏതാനും ഉപയോക്താക്കള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം.

പഴയ ബാറ്ററിയുള്ള ഫോണുകളുടെ പ്രകടനം എങ്ങനെ മെച്ചപ്പെടുത്താം എന്ന കാര്യത്തില്‍ ഉപയോക്താക്കളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചുവരികയാണ്. ആപ്പിള്‍ നിങ്ങളെ നിരാശപ്പെടുത്തിയെന്ന് കരുതുന്നവരുണ്ടാകാം. തെറ്റിദ്ധാരണ ഉണ്ടായതില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുകയാണ് - പത്രക്കുറിപ്പിലൂടെ ആപ്പിള്‍ അറിയിച്ചു.

ഐഫോണ്‍ സിക്‌സ് മുതലുള്ള മോഡലുകളുടെ ബാറ്ററി മാറ്റുന്നത് 50 ഡോളറിന്റെ കിഴിവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ബാറ്ററിയുടെ ആരോഗ്യത്തെ കുറിച്ച് ഉപയോക്താവിനെ അറിയിക്കുന്നതിനുള്ള ഫീച്ചര്‍ ഐ.ഒ.എസ്സില്‍ ഉടന്‍ ഉള്‍പ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.