ഇസ്‌ലാമാബാദ്: ടെലിവിഷൻ ചർച്ചകളിൽ അവതാരകർ സ്വന്തം അഭിപ്രായം പറയാൻ പാടില്ലെന്ന് പാകിസ്താൻ ഇലക്‌ട്രോണിക് മീഡിയ അധികൃതർ. അവതാരകൻ മോഡറേറ്റർ (ചർച്ച നിയന്ത്രിക്കുന്ന ആൾ) മാത്രമേ ആകാവൂവെന്ന് അധികൃതരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് റിപ്പോർട്ടുചെയ്തത്.
സ്വന്തം ചാനലിലോ മറ്റു ചാനലുകളിലോ പരിപാടികൾ അവതരിപ്പിക്കുമ്പോൾ അവതാരകർ വിദഗ്ധരെപ്പോലെ അഭിപ്രായം പറയരുതെന്നും പാകിസ്താൻ ഇലക്‌ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പി.ഇ.എം.ആർ.എ) ഞായറാഴ്ച ഇറക്കിയ ഉത്തരവിൽ പറയുന്നു.
പി.ഇ.എം.ആർ.എ. പെരുമാറ്റച്ചട്ടപ്രകാരം പരിപാടി അവതരിപ്പിക്കുകമാത്രമാണ് അവതാരകരുടെ ജോലി. അത് വസ്തുനിഷ്ഠമായും ഭാഗംചേരാതെയും പക്ഷപാതരഹിതമായും ചെയ്യണം. ഏതെങ്കിലും വിഷയത്തിലുള്ള വ്യക്തിപരമായ അഭിപ്രായങ്ങളോ പക്ഷംചേരലോ വിധിപ്രഖ്യാപനമോ അതിലുണ്ടാവരുത്. പ്രത്യേക പരിപാടികൾ നടത്തുന്ന അവതാരകർ സ്വന്തം ചാനലിലോ മറ്റു ചാനലിലോ നടത്തുന്ന ചർച്ചകളിൽ വിഷയത്തിലെ വിദഗ്‌ധനെന്ന നിലയിൽ പങ്കെടുക്കുന്നതിനും വിലക്കുണ്ടെന്ന് ‘ദ ഡോൺ’ പത്രം റിപ്പോർട്ടുചെയ്യുന്നു.
രാജ്യത്തെ എല്ലാ സാറ്റലൈറ്റ് ചാനൽ ഉടമകൾക്കും ഉത്തരവിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. ടെലിവിഷൻ ചർച്ചകളിൽ അവതാരകർ പെരുമാറ്റച്ചട്ടം ലംഘിച്ച് നിയമവ്യവസ്ഥയെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നതായ പരാതിയിൽ ഇസ്‌ലാമാബാദ് ഹൈക്കോടതിയുടെ ഒക്ടോബർ 26-ലെ വിധിപ്രകാരമാണ് ഉത്തരവ് അയച്ചിട്ടുള്ളത്. പെരുമാറ്റച്ചട്ടലംഘനത്തിൽ എന്ത് നടപടിയെടുത്തെന്ന് റിപ്പോർട്ട് നൽകാൻ കോടതി പി.ഇ.എം.ആർ.എ. യോട് ആവശ്യപ്പെട്ടിരുന്നു. അഴിമതിക്കേസിൽ ജയിലിലുള്ള പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജാമ്യം നൽകുന്നതുമായി ബന്ധപ്പെട്ട് ചില ചാനലുകളിൽ വന്ന ചർച്ചകളാണ് പരാതികൾക്ക് കാരണമായത്.
Content Highlights: Anchors not to comment in channel discussions