പൊഖ്റ(നേപ്പാൾ): ശ്രദ്ധേയനായ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരൻ അമിതാഭ് ബാഗ്ച്ചിക്ക് 2019-ലെ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്കാരം. 2018-ൽ ജൂണിൽ പുറത്തിറങ്ങിയ ‘ഹാഫ് ദ നൈറ്റ് ഈസ് ഗോൺ’ എന്ന നോവലിനാണ് അംഗീകാരം.
25,000 യു.എസ്. ഡോളറാണ് (ഏകദേശം 17.7 ലക്ഷം രൂപ) പുരസ്കാരത്തുക. തിങ്കളാഴ്ച സമാപിച്ച നേപ്പാൾ സാഹിത്യസമ്മേളനത്തിൽ നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി പുരസ്കാരം ബാഗ്ചിക്ക് സമർപ്പിച്ചു.
ഇന്ത്യൻ പശ്ചാത്തലത്തിൽ മൂന്നുതലമുറകളിലൂടെ കുടുംബബന്ധങ്ങളുടെ ആഴത്തിലേക്ക് വെളിച്ചംവീശുന്ന അസാധാരണ നോവലാണ് ‘ഹാഫ് ദ നൈറ്റ് ഈസ് ഗോണെ’ന്ന് ഹരീഷ് ത്രിവേദി അധ്യക്ഷനും ജെറമി തംബ്ലിങ്, കുന്ദ ദീക്ഷിത്, കാർമൻ വിക്രമഗമഗെ, റിഫാത് മുനിം എന്നിവർ അംഗങ്ങളുമായ ജൂറി പാനൽ അഭിപ്രായപ്പെട്ടു. ജോൺ ഹോപ്കിൻസ് സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി. നേടിയിട്ടുള്ള ബാഗ്ചി ഡൽഹി ഐ.ഐ.ടി.യിൽ അധ്യാപകനാണ്.
വിവിധരാജ്യങ്ങളിൽ നടക്കുന്ന സാഹിത്യോത്സവങ്ങളിൽവെച്ചാണ് ഡി.എസ്.സി. പുരസ്കാരം പ്രഖ്യാപിക്കുക. കഴിഞ്ഞവർഷം ടാറ്റാസ്റ്റീൽ കൊൽക്കത്ത സാഹിത്യോത്സവത്തിൽവെച്ചായിരുന്നു പ്രഖ്യാപനം.
പാകിസ്താനി എഴുത്തുകാരൻ എച്ച്.എം. നഖ്‌വി, ഷെഹാൻ കരുണതിലക (ശ്രീലങ്ക), ജീത് തയ്യിൽ, സൈറസ് മിസ്ട്രി (രണ്ടുപേരും ഇന്ത്യ), ജുംപ ലാഹിരി(ഇന്ത്യൻ വംശജയായ അമേരിക്കൻ എഴുത്തുകാരി), അനുരാധ റോയ് (ഇന്ത്യ), അനുക് അരുദ്പ്രകാശം (ശ്രീലങ്ക), ജയന്ത് കൈകിനിയും വിവർത്തക തേജസ്വിനി നിരഞ്ജനയും (ഇന്ത്യ) എന്നിവരാണ് നേരത്തേ പുരസ്കാരം നേടിയവർ.
Content Highlights: Amitabha Bagchi wins DSC prize